ഇടുക്കി:ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കാട്ടാനകളുടെ ആക്രമണത്തിൽ പൊറുതിമുട്ടി പീരുമേട് ജനവാസ മേഖലയിലെ ജനങ്ങൾ. ഇന്നലെ (ഏപ്രിൽ 15) വൈകുന്നേരം 5 മണിക്ക് ശേഷം പീരുമേട് ഗവൺമെന്‍റ് ഗസ്‌റ്റ് ഹൗസ് ഭാഗത്ത് ജോസഫിന്‍റെ പുരയിടത്തിൽ എത്തിയ കാട്ടാനക്കൂട്ടം തെങ്ങ് പ്ലാവ് ഏലം കവുങ്ങ് തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചു.
ഒരു കൊമ്പനും രണ്ട് പിടിയാനകളും ഉൾപ്പെടുന്ന കാട്ടാന കൂട്ടമാണ് പ്രദേശത്ത് എത്തി വ്യാപക കൃഷി നാശം വരുത്തിയിരിക്കുന്നത്. ഇതുകൂടാതെ തൊട്ടടുത്ത നടുവത്തേഴത്ത് സെബാസ്‌റ്റ്യൻ്റെയും, അസീസിന്‍റെയും പുരയിടത്തിലെ വാഴയും ഏലവും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. ഇതിനുശേഷം പീരുമേട് എക്സൈസ് ഓഫീസിന് സമീപത്തേക്ക് നീങ്ങിയ കാട്ടാനക്കൂട്ടം ഒരു പന കൂടി നശിപ്പിച്ചു. ഇതിനുശേഷം കാട്ടാനക്കൂട്ടം മരിയ ഗിരി സ്‌കൂളിന്‍റെ ഭാഗത്തേക്ക് നീങ്ങിയതായും നാട്ടുകാർ പറഞ്ഞു.
രണ്ട് മാസങ്ങൾക്ക് മുൻപ് രാപ്പകലില്ലാതെ പീരുമേട് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം എത്തി വ്യാപക കൃഷി നാശം വരുത്തുകയും, രാത്രികാലങ്ങളിൽ അടക്കം പ്രദേശവാസികൾക്ക് ഭീതി പരത്തുകയും ചെയ്‌ത സാഹചര്യത്തിൽ വനംവകുപ്പിന്‍റെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സംയുക്ത യോഗം ചേരുകയും ജനവാസ മേഖലയിൽ വന്യമൃഗ ശല്യം തടയുന്നതിന് ശാശ്വത പരിഹാരമായി വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചതും ആണ്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പീരുമേട് ജനവാസ മേഖലയിലെ വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരത്തിനായുള്ള പ്രാഥമിക നടപടികൾ പോലും വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നുമുള്ള വ്യാപക പരാതിയാണ് ഉയരുന്നത്.