ജനവാസ മേഖലകള്‍ കീഴടക്കി കാട്ടാനക്കൂട്ടം; ദേവികുളത്ത് കാട്ടാനകൾ വ്യാപാരസ്ഥാപനം തകർത്തു, എസ്റ്റേറ്റ് തൊഴിലാളികൾ ഭീതിയിൽ ഇടുക്കി: കാട്ടാന ശല്യമൊഴിയാതെ ഇടുക്കിയിലെ ജനവാസ മേഖലകള്‍. ദേവികുളം ഫാക്‌ടറി ഡിവിഷനിലെ വ്യാപാര സ്ഥാപനം കാട്ടാനക്കൂട്ടം തകര്‍ത്തു. ഇന്ന് (15-03-2024) പുലർച്ചയോടെ എത്തിയ കാട്ടാനക്കൂട്ടമാണ് ദേവികുളം ഫാക്‌ടറി ഡിവിഷനിലെ വ്യാപാര സ്ഥാപനം തകർത്തത് (Wild Elephants Attack in Devikulam).
ആറ് ആനകൾ ഉൾപ്പെടുന്ന കാട്ടാനക്കൂട്ടമാണ് ദേവികുളം ഫാക്‌ടറി ഡിവിഷനിലെ ജനവാസ മേഖലയില്‍ ഭീതി വിതച്ചുകൊണ്ടിരിക്കുന്നത്. പുലർച്ചെ നാലു മണിയോടെയായിരുന്നു കാട്ടാന കൂട്ടം എത്തിയത്. ഫാക്‌ടറി ഡിവിഷൻ സ്വദേശിയായ ബാലാജിയുടെ പലചരക്ക് കടയാണ് ആക്രമണത്തിൽ നശിച്ചത്. ആറു മാസത്തിനു മുമ്പ് ഇതേ കട തന്നെ കാട്ടാനയുടെ ആക്രമണത്തിൽ തകർന്നിരുന്നു.
കട തകർത്ത ശേഷം അകത്തുണ്ടായിരുന്ന രണ്ടു ഉപ്പു ചാക്കുകളുമായി കാട്ടാനക്കൂട്ടം കാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഒരു മണിക്കൂറോളം ഭീകരാന്തരീഷം സൃഷ്‌ടിച്ച ശേഷമാണ് ഇവ തിരികെ മടങ്ങിയത് (Wild Elephants Attack in Devikulam). എസ്റ്റേറ്റ് മേഖലകളിൽ കാട്ടാനയുടെ സാന്നിധ്യം ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്.
കഴിഞ്ഞ ദിവസം സെവൻ എസ്‌റ്റേറ്റിലെ പാർവ്വതി ഡിവിഷനിൽ സ്‌കൂൾ കുട്ടികൾ ഉൾപ്പടെയുള്ളവർ യാത്രയ്ക്ക് ഒരുങ്ങവേ രാവിലെ എട്ടു മണിക്ക് വീടുകൾക്കു സമീപം കാട്ടാന എത്തിയിരുന്നു. നിരന്തരമുള്ള കാട്ടാന സാന്നിദ്ധ്യം മൂലം ദേവികുളത്ത് എസ്റ്റേറ്റ് തൊഴിലാളികൾ ഭീതിയിലാണ്. പലതവണ പ്രശ്‌നം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു പരിഹാരവും ആയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.