കോട്ടയം : വയനാട് ദുരന്തത്തിനിരയായ സഹജീവികൾക്ക് സ്‌നേഹത്തിന്‍റെ സഹായഹസ്‌തവുമായി കോട്ടയവും. ദുരന്തത്തിൽ എല്ലാം നഷ്‌ടപ്പെട്ടവർക്ക് സഹായം എത്തിക്കുന്നതിനായി ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ആവശ്യസാധനങ്ങൾ സംഭരിക്കുന്നതിനായി കോട്ടയം ബസേലിയോസ് കോളജിൽ സ്വീകരണകേന്ദ്രം പ്രവർത്തനം ആരംഭിച്ചു.
രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചുവരെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ താൽപര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവർക്ക് കലക്ട്രേറ്റിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്.
എല്ലാവരുടെയും സഹായസഹകരണവും ജില്ല കലക്‌ടർ അഭ്യർഥിച്ചു. കലക്ട്രേറ്റ് കൺട്രോൾ റൂം ഫോൺ നമ്പര്‍: 9188610017, 9446562236
കുട്ടികൾക്കും മുതിർന്നവർക്കും വസ്ത്രങ്ങൾ. ഇതിൽ പുതിയ വസ്ത്രങ്ങൾ മാത്രമേ സ്വീകരിക്കൂ. പഴയ വസ്ത്രങ്ങൾ സ്വീകരിക്കില്ല. കമ്പിളി വസ്ത്രങ്ങൾ, പുതപ്പുകൾ അടിവസ്ത്രങ്ങൾ ടൗവലുകൾ വിവിധ അളവിലുള്ള ചെരുപ്പുകൾ പേസ്റ്റ്, ബ്രഷ്, ടങ് ക്ലീനർ, സോപ്പ്, മഗ്, ബക്കറ്റ്, ബെഡ്ഷീറ്റ്, പായ, സാനറ്ററി പാഡുകള്‍, അരി, പയർ പലവ്യഞ്ജനങ്ങൾ വെളിച്ചെണ്ണ എന്നിവയാണ് നൽകാവുന്നത്. അവശ്യ വസ്‌തുക്കൾ നൽകാൻ ആഗ്രഹിക്കുന്നവർ കളക്ട്രേറ്റിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതാണ്.
കാലവർഷ സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതലുകളും ഒരുക്കങ്ങളും വിലയിരുത്താൻ ജില്ല കലക്‌ടർ ജോൺ വി. സാമുവലിന്‍റെ അധ്യക്ഷതയിൽ ജില്ല ദുരന്തനിവാരണ അതോറിട്ടി യോഗം കലക്‌ട്രേറ്റിൽ ചേർന്നു. നിലവിലെ കാലാവസ്ഥയിൽ കരുതലോടെ തന്നെ ഇരിക്കണമെന്നും വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജില്ല കലക്‌ടർ വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവരെ മുൻകരുതൽ എന്ന നിലയിൽ മാറ്റിപ്പാർപ്പിക്കണമെന്നും ക്യാമ്പുകളിലെ സൗകര്യങ്ങൾ, വൃത്തി എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും കലക്‌ടർ നിർദേശിച്ചു.
Also Read:രാഹുലും പ്രിയങ്കയും നാളെ ദുരന്ത ഭൂമിയില്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും