ഉരുൾപൊട്ടലിൽ മരണപ്പെട്ടവർക്കായി പ്രത്യേക പ്രാർഥന നടത്തി ചൂരൽമല സെന്‍റ് സെബാസ്റ്റ്യൻ പള്ളി (ETV Bharat) വയനാട് : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ ഞെട്ടൽ മാറാതെ ചൂരൽമല സെന്‍റ് സെബാസ്റ്റ്യൻ പള്ളി ഇടവക. ദുരന്തം കൊണ്ടുപോയത് ഒൻപത് ഇടവകാംഗങ്ങളെ... ഇതിൽ ഏഴു പേരുടെ മൃതദേഹം മാത്രമാണ് കിട്ടിയത്. മറ്റു രണ്ടു പേർ ഇനിയും കാണാമറയത്ത്.
ചൂരൽമലയിലെ ഏക ദേവാലയമായ സെന്‍റ് സെബാസ്റ്റ്യൻ ചർച്ചിൽ കഴിഞ്ഞ ഞായറാഴ്‌ചയിലെ കുർബാന പോലെ ആയിരുന്നില്ല ഇന്ന്. എങ്ങും മൂകത മാത്രം. കഴിഞ്ഞ ആഴ്‌ചയിൽ കുർബാന കൂടാൻ എത്തിയവരിൽ പലരും ഇന്ന് ജീവനോടെയില്ല. വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞ ഇടവകയിലെ അംഗങ്ങൾക്ക് കണ്ണീരോടെ വിട നൽകി ദേവാലയം.
ഇന്നത്തെ കുർബാനയിൽ ഉരുൾപൊട്ടലിൽ മരിച്ച ഇടവകയിലെ അംഗങ്ങളുടെ ഫോട്ടോ വച്ച് ചർച്ചിൽ പ്രാർഥന നടത്തി. മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആയിരുന്നു പ്രാർഥനയ്ക്ക് എത്തിയത്. പ്രാർഥനയ്ക്കിടെ പലരും വിതുമ്പി. 36 കുടുംബങ്ങളാണ് ഈ ഇടവകയിൽ ഉണ്ടായിരുന്നത്. അതിൽ ഒൻപത് പേരാണ് മരിച്ചത്. അതിൽ ഏഴു പേരുടെ മൃതദേഹം മാത്രമാണ് കിട്ടിയത്. പള്ളിയുടെ സെമിത്തേരിയിൽ അവരുടെ സംസ്‌കാരം നടത്തി. പ്രദേശത്തെ അഞ്ചു വീടുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്.
Also Read: എട്ട് ബസുകളുടെ മൂന്ന് ദിവസത്തെ കളക്ഷൻ ദുരിതാശ്വാസത്തിലേക്ക്; വയനാടിനായി നാടൊരുമിക്കുന്നു