തിരുവനന്തപുരം: കുടിവെള്ളക്ഷാമം പരിഹരിക്കാത്തതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്‌കൂളുകൾക്കും പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (സെപ്‌തംബര്‍ 9) അവധി. തിരുവനന്തപുരം-നാഗർകോവിൽ റെയിൽപാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി കുടിവെള്ള പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന നിർമാണ പ്രവർത്തികൾ തുടരുന്നതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.
കണ്ട്രോൾ റൂമിന്‍റെ പ്രവർത്തനം ആരംഭിച്ച ശേഷം ഇതുവരെ 662 ലോഡിൽ 25.90 ലക്ഷം ലിറ്റർ വെള്ളം വിതരണം ചെയ്തെന്ന് തിരുവനന്തപുരം നഗരസഭ അധികൃതർ അറിയിച്ചു. പിടിപി നഗറിൽ നിന്നുള്ള 700 എം എം പൈപ്പ് ലൈനും നേമം ഭാഗത്തേക്കുള്ള 500 എം എം പൈപ്പ് ലൈനും മാറ്റി സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് നഗരത്തിൽ വ്യാപകമായി കുടിവെള്ളക്ഷാമം നേരിട്ടത്.
പണി ഇഴയുന്നത് കാരണം 33 വാർഡുകളിൽ പൂർണമായും 11 വാർഡുകളിൽ ഭാഗികമായും കുടിവെള്ളം മുടങ്ങി. റെയിൽവേ ലൈനിന് അടിയിലുള്ള 700 എം എം പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന പണികൾ നിലവിൽ പുരോഗമിക്കുകയാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും