കോഴിക്കോട് : സൈബർ തട്ടിപ്പിന്‍റെ പുതിയ 'വേര്‍ഷനാ'യ ഡിജിറ്റല്‍ അറസ്റ്റ് വഴി തട്ടിപ്പ് നടത്തിയ കേരളത്തിലെ ആദ്യ കേസ് കോഴിക്കോട് രജിസ്‌റ്റര്‍ ചെയ്‌തു. 'വിർച്വൽ' അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയിൽ നിന്നും തട്ടിയത് ഒരു കോടി നാൽപ്പത്തി മൂന്ന് ലക്ഷത്തി അയ്യായിരം (1,43,05,000) രൂപ. മുംബൈയിലെ സിബിഐ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനയാണ് സൈബര്‍ തട്ടിപ്പ് സംഘം ആദ്യം ഫോണ്‍ കോളിലൂടെ ഇരയായ കോഴിക്കോട് സ്വദേശിയെ വിളിച്ചത്.
പിന്നീട് വാട്‌സ് ആപ്പ് വഴിയും തുടര്‍ച്ചായി ബന്ധപ്പെട്ടു. പരാതിക്കാരന്‍റെ വ്യക്തി വിവരങ്ങളും രേഖകളും ഉപയോഗിച്ച് മുംബൈയില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടുകള്‍ വഴി വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നു എന്നായിരുന്നു തട്ടിപ്പുകാർ അറിയിച്ചത്. വിശ്വാസ്യത വരുത്താനായി സിബിഐ ചിഹ്നങ്ങളുള്ള വ്യാജ കത്തുകളും സുപ്രീം കോടതി വാറണ്ട് രേഖകളും അയച്ചു കൊടുത്തു.
പലതവണ ഈ സംഘം ഇരയെ ബന്ധപ്പെട്ടു. ഒടുവില്‍ വിര്‍ച്വല്‍ അറസ്റ്റിലായെന്നും മറ്റാരോടെങ്കിലും പറഞ്ഞാല്‍ നേരിട്ടെത്തി കസ്റ്റഡിയിലെടുത്ത് മുംബൈയിലേക്ക് കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.
സംഭവമിങ്ങനെ...
കോഴിക്കോട് സ്വദേശിയായ പ്രവാസി (വ്യക്തി വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് പൊലീസിനോട് പരാതിക്കാൻ അറിയിച്ചിട്ടുണ്ട്) തന്‍റെ സമ്പാദ്യം രണ്ട് ബാങ്കുകളിലായി ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്‌തിരിക്കുകയായിരുന്നു. മെയ് രണ്ടിനാണ് തട്ടിപ്പുകാരുടെ ആദ്യം കോൾ വരുന്നത്. തുടക്കത്തിൽ ഭീഷണി ആയിരുന്നെങ്കിൽ പിന്നീട് കേസിൽ നിന്ന് ഒഴിവാക്കാനുള്ള തന്ത്രങ്ങളിലേക്ക് കടന്നു.
ഒടുവിൽ നിങ്ങൾ നിരപരാധിയാണെന്ന് മനസിലായെന്നും അറിയിച്ചു. എന്നാൽ രണ്ട് ബാങ്കുകളിലായി നിക്ഷേപിച്ച ഒരു കോടി രൂപ നിങ്ങൾക്ക് നഷ്‌ടപ്പെടുമെന്നും അത് 'സിബിഐ' അക്കൗണ്ടിലേക്ക് മാറ്റി, കേസ് കഴിയുമ്പോൾ തിരിച്ചെടുക്കാമെന്നും ഇരയെ ധരിപ്പിച്ചു. ഇതോടെ പരാതിക്കാരൻ രണ്ട് അക്കൗണ്ടുകളും ക്ലോസ് ചെയ്‌ത് പണം ട്രാൻസ്‌ഫർ ചെയ്‌തു.