കോഴിക്കോട്:മുത്താച്ചിയുടെ വീരഗാഥകൾ സ്‌തുതിച്ചു ചൊല്ലുന്ന തോറ്റം മുറുകി. കാവിലെ കാരണവർ പകർന്നു നൽകിയ തീർഥമാടി ദൈവീകമായ വെള്ളാട്ടുകൾ. കൈകളിൽ ആയുധമേന്തി തിന്മകളെയും രോഗ ദുരിതങ്ങളെയും അകലെ... അകലെ... എന്നുചൊല്ലി വെള്ളാട്ട് കെട്ടിയവർ ഉറഞ്ഞുതുള്ളുകയാണ്. മാവൂർ മുത്താച്ചിക്കാവിലെ അപൂർവമായ നാൽപത്തി രണ്ടര വെള്ളാട്ട് ഇത്തവണയും ഭക്തർക്കു മുന്നിൽ അനുഗ്രഹം ചൊരിഞ്ഞ് നിറഞ്ഞാടുകയാണ്.
വടക്കൻ പാട്ടിലെ തച്ചോളി മാണിക്കോത്ത് തറവാട്ടിൽ നിന്നും ഭ്രഷ്‌ട് കൽപ്പിച്ച മുത്താച്ചി, തെങ്ങിലക്കടവിലെ മുത്താച്ചിക്കാവിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ഈ കാവിലെ ഉത്സവ ദിവസമാണ് ഏവരെയും ആകർഷിക്കുന്ന നൽപത്തി രണ്ടര വെള്ളാട്ട് നടക്കുന്നത്. കാവിൻ്റെ ഊരായ്‌മക്കാരായ മലബാറിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന നാല് ദേശക്കാരാണ് നാൽപത്തി രണ്ടര വെള്ളാട്ട് നടത്തുന്നത്.
മാവൂർ മുത്താച്ചി കാവിലെ നാൽപ്പത്തി രണ്ടര വെള്ളാട്ട് (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മലന്തുടിയിൽ നിന്നും ഉയരുന്ന പ്രത്യേക താളത്തിനനുസരിച്ചാണ് നാൽപത്തി രണ്ടര വെള്ളാട്ട് കെട്ടിയാടുന്നത്. വെള്ളാട്ട് ആരംഭിക്കുന്നതോടെ മൂന്നുതവണ മുത്താച്ചിയുടെ ശ്രീകോവിലിന് നാല്‍പത്തി രണ്ടര വെള്ളാട്ടുകൾ വലം വെക്കും. ഓരോ തവണ വലം വെക്കുമ്പോഴും കോമരങ്ങൾക്ക് മേലെ കാവിൽ പൂജിച്ച കളഭക്കൂട്ട് തളിക്കും.
അവസാന പ്രദക്ഷിണം കഴിയുന്നതോടെ അകലെ അകലെ എന്ന വായ്‌ത്താരി ഉച്ചസ്ഥായിയിലെത്തും. ഇതോടെ കോമരങ്ങളെല്ലാം തങ്ങളുടെ കൈകളിലെ ആയുധങ്ങൾ മുത്താച്ചിക്ക് മുന്നിൽ സമർപിക്കും. അങ്ങനെയാണ് നാൽപത്തി രണ്ടര വെള്ളാട്ടിന് കൊടിയിറങ്ങുന്നത്.
കാർഷിക സംസ്‌കാരത്തിൻ്റെയും ജാതിമത രാഷ്‌ട്രീയ വ്യത്യാസം ഇല്ലാത്ത കൂട്ടായ്‌മയുടെയും പ്രതീകം കൂടിയാണ് മുത്താച്ചിക്കാവിലെ ഉത്സവവും നാൽപത്തി രണ്ടര വെള്ളാട്ടും. ഇവിടെയെത്തുന്ന ഓരോ ഭക്തരും മുത്താച്ചിയുടെ അനുഗ്രഹം നേടി അടുത്ത വർഷവും കൂടിച്ചേരാം എന്ന പ്രതീക്ഷയോടെയാണ് മടങ്ങുന്നത്.
Also Read: ഇവിടെ 'പ്രതി പൂവൻകോഴി'; പുലര്‍ച്ചെ മുതൽ കൂവലോട് കൂവല്‍, വയോധികന്‍റെ പരാതി പരിഹരിച്ച് ആര്‍ഡിഒ - NEIGHBOUR COMPLAINT AGAINST ROOSTER