തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ എന്ന നിലയിൽ ഇപി ജയരാജൻ രണ്ടടി പിന്നോട്ടാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇപി ജയരാജൻ - പ്രകാശ് ജാവദേക്കർ കൂടിക്കാഴ്‌ചയുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു വെള്ളാപ്പളളി നടേശന്‍റെ പ്രതികരണം. തെരഞ്ഞെടുപ്പ് ദിനത്തിൽ ഇത്തരത്തിലുള്ള വിവാദം ഒഴിവാക്കാമായിരുന്നു.
ജാവദേക്കറിനെ ഇപി ജയരാജന്‍ കണ്ടതിൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ നേതാക്കൾക്ക് ആരെയും കാണാം. ഇപി എൽഡിഎഫ് കൺവീനർ എന്ന നിലയിൽ പിന്നോട്ടാണ്. വലിയ നിലപാടൊന്നും സ്വീകരിക്കാൻ സാധിച്ചിട്ടില്ല. പാർട്ടിയിൽ പറഞ്ഞിട്ടാണ് ജാവദേക്കറെ കണ്ടതെങ്കിൽ തെറ്റില്ലെന്നും രാഷ്ട്രീയ നേതാക്കൾ പരസ്‌പരം കാണാറുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി നയം അനുസരിച്ച് അത് പാർട്ടിയിൽ പറഞ്ഞിട്ടില്ലെങ്കിൽ തെറ്റാണ്. ഇപി ബിജെപിയിലേക്ക് പോകുമോ എന്നൊന്നും പറയാൻ താനില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിൽ പെട്ടി പൊട്ടിക്കാതെ അഭിപ്രായം പറ്റില്ല. എല്ലായിടത്തും കടുത്ത മത്സരമാണ് നടന്നത്.