കേരളം

kerala

ETV Bharat / state

ബജറ്റ് പവിത്രമാകണം; ഭാവനാശൂന്യമായ ബജറ്റില്‍ പ്രതീക്ഷയും വിശ്വാസവും ഇല്ലെന്ന് വിഡി സതീശന്‍ - പവിത്രത നഷ്‌ടപ്പെടുത്തിയ ബജറ്റ്

യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാണ് കേരളം കുതിക്കുന്നുവെന്ന് ധനമന്ത്രി അവകാശപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ്, പവിത്രത നഷ്‌ടപ്പെടുത്തിയ ബജറ്റെന്നും വിമര്‍ശനം.

VD Satheesan against KN Balagopal  VD Satheesan on kerala budget  പവിത്രത നഷ്‌ടപ്പെടുത്തിയ ബജറ്റ്  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
VD Satheesan on kerala budget

By ETV Bharat Kerala Team

Published : Feb 14, 2024, 8:43 PM IST

പവിത്രത നഷ്‌ടപ്പെടുത്തിയ ബജറ്റ്, വിഡി സതീശന്‍

തിരുവനന്തപുരം: രാഷ്ട്രീയ പ്രസ്‌താവനകളും പ്രതിപക്ഷ വിമര്‍ശനവും കുത്തിനിറച്ച് പവിത്രത ഇല്ലാതാക്കിയ ഒരു ബജറ്റാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു വിശ്വാസ്യതയുമില്ലാത്തതാണ് ഈ ബജറ്റ്. കഴിഞ്ഞ ഏഴ് വര്‍ഷത്തെ നിങ്ങളുടെ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ എന്തൊക്കെയാണ് നടപ്പാക്കിയതെന്ന് പരിശോധിച്ചാല്‍ പ്രഖ്യാപനങ്ങളില്‍ ഒരു വിശ്വാസ്യതയും ഇല്ലെന്ന് വ്യക്തമാകുമെന്ന് നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് സതീശന്‍ ആരോപിച്ചു.

കേരളം വലിയൊരു മുന്നേറ്റത്തിന് തുടക്കം കുറിക്കുകയാണെന്നാണ് ബജറ്റില്‍ പറയുന്നത്. അതിന് കാരണമായി പറയുന്നത് യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വിഴിഞ്ഞം പദ്ധതിയും കൊച്ചി മെട്രോയും വാട്ടര്‍മെട്രോയുമൊക്കെയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നപ്പോള്‍ 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് കച്ചവടമാണെന്നാണ് അന്ന് പാര്‍ട്ടി സെക്രട്ടറിയും ഇപ്പോള്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ പറഞ്ഞത്.

ലോകത്തിലേക്കുള്ള കേരളത്തിന്‍റെ വികസനത്തിനുള്ള കവാടമെന്നാണ് പണ്ട് പാര്‍ട്ടി സെക്രട്ടറി പറഞ്ഞതിനെ ധനമന്ത്രി ഇപ്പോള്‍ തിരുത്തിപ്പറഞ്ഞിരിക്കുന്നത്. എന്തെല്ലാം ത്യാഗങ്ങള്‍ സഹിച്ചാണ് യുഡിഎഫ് ഈ പദ്ധതികൊണ്ടുവന്നത്. യുഡിഎഫ് കാലത്ത് ഗെയില്‍ പൈപ്പ് ലൈന്‍ നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ ഭൂമിക്കടിയില്‍ കുഴിച്ചിട്ട ബോംബാണെന്ന് പറഞ്ഞവര്‍ ഇന്ന് മന്ത്രിമാരായി അപ്പുറത്തുണ്ട്.

കേരളത്തിന്‍റെ സമ്പദ്ഘടന സൂര്യോദയ സമ്പദ്ഘടന ആണെന്നാണ് ധനമന്ത്രി വാദിക്കുന്നത്. സാമ്പത്തിക സ്ഥിതി സംബന്ധിച്ച അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ബജറ്റ് രേഖകളുടെ ഭാഗമായി സമര്‍പ്പിച്ച സാമ്പത്തിക സൂചികകള്‍. ധനസ്ഥിതി വിലയിരുത്താന്‍ ഉപയോഗിക്കുന്ന റവന്യൂ കമ്മി, ധനക്കമ്മി എന്നീ സൂചികകള്‍ വച്ചു പരിശോധിക്കുമ്പോള്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ ധനപ്രതിസന്ധി രൂക്ഷമാണ്.

ജിഎസ്‌ടി വരുമാനത്തില്‍ ഉണ്ടായ വര്‍ധനവ് നോക്കിയാലും സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത വ്യക്തമാണ്. ഇന്ത്യയില്‍ ഏറ്റവും കുറവ് വരുമാനമുള്ള സംസ്ഥാനങ്ങളുടെ മുന്‍നിരയിലേക്ക് കേരളം പോയി. പ്രതിപക്ഷം പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിഞ്ഞില്ലേ. സംസ്ഥാന സര്‍ക്കാര്‍ ജിഎസ്‌ടിയില്‍ വലിയ വളര്‍ച്ച കൈവരിച്ചു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇത് 2021-22 നു ശേഷമുള്ള താഴ്‌ചയില്‍ നിന്നും ഉണ്ടായ സ്വാഭാവിക വളര്‍ച്ച മാത്രമായിരുന്നു. ഇതാണോ സണ്‍റൈസ് സമ്പദ്‌വ്യവസ്ഥ?

കോടികളുടെ കുടിശികയാണ് സര്‍ക്കാര്‍ വരുത്തിവച്ചിരിക്കുന്നത്. സപ്ലൈകോ- 3000 കോടി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍- 5400 കോടി, കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി- 1128 കോടി, കാരുണ്യ ബെനെവെലന്‍റ്‌ ഫണ്ട്-198 കോടി, ഡി എ, ഡി ആര്‍, പേ റിവിഷന്‍ അരിയര്‍, പെന്‍ഷന്‍ റിവിഷന്‍ അരിയര്‍, ലീവ് സറണ്ടര്‍- 40,000 കോടി, കരാറുകാര്‍ക്ക് 16,000 കോടി, എസ് ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാവാഹിനി പദ്ധതി- 6 കോടി, കെട്ടിട തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍: 1 വര്‍ഷം കുടിശിക, ഉച്ചഭക്ഷണം: 91.51 കോടി. അപകടകരമായ നിലയിലേക്കാണ് സംസ്ഥാനത്തിന്‍റെ ധനസ്ഥിതി പോകുന്നത്.

വിദേശ സര്‍വകലാശാലകള്‍ അനുവദിക്കാനുള്ള യുജിസിയുടെ തീരുമാനം വന്നപ്പോള്‍ സിപിഎം പോളിറ്റ് ബ്യൂറോ അതിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. പി ബി അംഗമായ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കേരളത്തിലാണ് പി ബി എതിര്‍ത്ത യുജിസി നിര്‍ദ്ദേശം നടപ്പാക്കുന്നത്. സ്വകാര്യ സര്‍വകലാശാലകളെ കുറിച്ച് പഠനം നടത്താന്‍ തീരുമാനിച്ചപ്പോള്‍ ചെറുമകനാകാന്‍ പ്രായമുള്ള എസ്എഫ്ഐക്കാരനെ വിട്ട് അന്നത്തെ ഉന്നത വിദ്യാഭ്യാസ വൈസ് ചെയര്‍മാനായിരുന്ന ടി പി ശ്രീനിവാസന്‍റെ കരണത്തടിച്ചു. അന്ന് പിണറായി വിജയനായിരുന്നു പാര്‍ട്ടി സെക്രട്ടറി. വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി ടി പി ശ്രീനിവാസനോട് ക്ഷമ ചോദിക്കണം.

എന്‍ കെ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രി വിളിച്ച വിരുന്നിന് പോയതോടെ യുഡിഎഫും സംഘപരിവാറും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലാണ് ചിലര്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചാല്‍ പ്രതിപക്ഷ നേതാവും പോകാറുണ്ട്. ഇതൊക്കെ സാധാരണമാണ്. ആര്‍എസ്എസ് മേധാവിയുടെ മാനസപുത്രനും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്ക്കരിക്കും കുടുംബത്തിനും മുഖ്യമന്ത്രി പിണറായി വിജയന്‍ വിരുന്ന് ഒരുക്കിയില്ലേ. പക്ഷെ അതിനെ ഞങ്ങള്‍ വിമര്‍ശിച്ചില്ല. അതാണ് ഞങ്ങളും നിങ്ങളും തമ്മിലുള്ള വ്യത്യാസം.

ഇനി പ്രേമചന്ദ്രനെതിരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി നാലു വിരലുകളും സ്വന്തം നെഞ്ചത്തേക്കാണെന്ന് ഓര്‍ക്കണം. ശ്രീ എം എന്നയാളുടെ മധ്യസ്ഥതയില്‍ മസ്‌കറ്റ് ഹോട്ടലില്‍ ആര്‍എസ്എസ് നേതാക്കളും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ച എന്തിന് വേണ്ടിയാണെന്ന് ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ശ്രീ എമ്മിന് നാല് ഏക്കര്‍ പതിച്ചു കൊടുക്കുകയും ചെയ്‌തു. അതേക്കുറിച്ച് ആര്‍ക്കും അറിയില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ABOUT THE AUTHOR

...view details