എറണാകുളം : ടിപി ചന്ദ്രശേഖരൻ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നൽകി വിട്ടയക്കാനുള്ള സർക്കാർ ശ്രമം കേരളത്തോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പറവൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. പ്രതികൾക്ക് ശിക്ഷയിളവ് നൽകാനുള്ള വിചിത്രമായ നീക്കമാണ് സർക്കാർ നടത്തുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നീ മൂന്ന് പ്രതികളെയാണ് ജയിൽ നിയമങ്ങളും ഹൈക്കോടതി വിധിയും ലംഘിച്ച് പുറത്തിറക്കാനുള്ള നീക്കം നടത്തുന്നത്. ഇതുസംബന്ധിച്ച് ജയിൽ വകുപ്പ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. പ്രതികളെ പുറത്തിറക്കാനുള്ള ശ്രമം ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന് വിഡി സതീശന്‍ പറഞ്ഞു.
ടിപി ചന്ദ്രശേഖരനെ അമ്പത്തിയൊന്ന് വെട്ടുവെട്ടി കൊലപ്പെടുത്തിയ ക്രിമിനലുകളെ പുറത്തിറക്കാനുള്ള ശ്രമം അനുവദിക്കില്ല. നിയമപരമായും രാഷ്ട്രീയമായും ഈ നീക്കത്തെ പ്രതിരോധിക്കും. സിപിഎം തെറ്റുതിരുത്തുകയല്ല തെറ്റുകളിൽ നിന്നും തെറ്റുകളിലേക്ക് പതിക്കുകയാണ്. ടിപി കേസിലെ പ്രതികൾക്ക് ജയിലില്‍ പഞ്ചനക്ഷത്ര സൗകര്യമാണ് ഒരുക്കി കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജയിലിലെ ഭക്ഷണത്തിൻ്റെ മെനു പോലും തീരുമാനിക്കുന്നത് ടിപി കേസിലെ പ്രതികളാണ്. എസിയുടെ ഒരു കുറവ് മാത്രമാണ് അവർക്കുള്ളത്. പ്രതികള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ജയിലിൽ എത്തിക്കുന്നുമുണ്ട്. ജയിലില്‍ നിന്ന് തന്നെ ക്വട്ടേഷന്‍റെ ഭാഗമാകാൻ പൊലീസും ജയിൽ അധികൃതരും സഹായം നൽകുന്നു. ടിപി കേസിലെ പ്രതികളുടെ അപ്പീൽ തള്ളിയതാണ്. ശിക്ഷാ ഇളവ് നൽകരുതെന്ന് ഹൈക്കോടതി പറഞ്ഞ പ്രതികൾക്ക് അത് നൽകാന്‍ ജയിൽ സൂപ്രണ്ടിന് എന്ത് അധികാരമാണുള്ളതെന്നും വിഡി സതീശൻ ചോദിച്ചു.
Also Read:ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഹൈക്കോടതി വിധിയുടെ ലംഘനം; തിരുവഞ്ചൂർ