ബോബ് സ്‌ഫോടനത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും (ETV Bharat) തിരുവനന്തപുരം: കണ്ണൂരിലെ എരഞ്ഞോളിയില്‍ ബോംബ് സ്‌ഫോടനത്തില്‍ വയോധികന്‍ കൊല്ലപ്പെട്ട സംഭവം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. ബോംബ് നിര്‍മ്മിക്കുന്ന ക്രിമിനലുകള്‍ എങ്ങനെ രക്തസാക്ഷികളാകുമെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരാഞ്ഞു. സിപിഎം ഗ്രൂപ്പ് പോരിന് വരെ കണ്ണൂരില്‍ ബോംബ് ഉപയോഗിക്കുന്നുവെന്ന് വി ഡി സതീശന്‍ ആരോപിച്ചു.
"സിപിഎം ഏത് യുഗത്തിലാണ് ജീവിക്കുന്നത്. പാനൂരില്‍ ബോംബ് വെച്ചത് ആര്‍എസ്‌എസുകാര്‍ക്ക് എതിരെയല്ല." സതീശന്‍ പറഞ്ഞു. സ്‌റ്റീല്‍ പാത്രങ്ങള്‍ തുറന്നു നോക്കുമ്പോള്‍ സൂക്ഷിക്കുക എന്ന മുന്നറിയിപ്പും സിപിഎം പുറത്തിറക്കണമെന്നും പരിഹസിച്ചു. ബോംബ് നിര്‍മ്മാണത്തിന് എന്നുമുതലാണ് സന്നദ്ധപ്രവര്‍ത്തനമെന്ന് പേരിട്ടതെന്നും സതീശന്‍ നിയമസഭയില്‍ ചോദിച്ചു.
അതേസമയം, നിരപരാധികള്‍ ബോംബ് പൊട്ടി മരിക്കുന്നത് കണ്ണൂരില്‍ ആവര്‍ത്തിക്കുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. ബോംബ് നിര്‍മ്മാണം നടക്കുന്നത് സിപിഎമ്മിന്‍റെ നേതൃത്വത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ബോംബിന്‍റെ തുടക്കമറിയാന്‍ ചരിത്രം പരിശോധിച്ചാല്‍ മതിയെന്ന് തിരിച്ചടിച്ചു. സമാധാന അന്തരീക്ഷമാണ് കണ്ണൂരിലുള്ളതെന്നും എല്ലാത്തിനും രാഷ്‌ട്രീയം ചാര്‍ത്തേണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
എരഞ്ഞോളി ബോബ് സ്‌ഫോടനം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് നിയമസഭയില്‍ പരാമര്‍ശിച്ച മുഖ്യമന്ത്രി, പൊലീസ് അന്വേഷണം തുടങ്ങിയതായും ശക്തമായ നടപടി എടുക്കുമെന്നും സംസ്ഥാനത്തിന്‍റെ ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമം കര്‍ശനമായി തടയുമെന്നും പറഞ്ഞു. എരഞ്ഞോളിയിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് എങ്ങിനെ വന്നുവെന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ALSO READ:തുടര്‍ക്കഥയായി കണ്ണൂരിലെ സ്‌ഫോടനങ്ങള്‍: ബോംബ് രാഷ്ട്രീയത്തിൽ ജീവൻ പൊലിഞ്ഞ് നിരപരാധികൾ