തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഹയർ സെക്കൻഡറി ജോയിൻ ഡയറക്‌ടറും മലപ്പുറം റീജിയണൽ ഡെപ്യൂട്ടി ഡയറക്‌ടറും അംഗങ്ങളായ സമിതിയെയാണ് സർക്കാർ നിയോഗിച്ചത്. ജൂലൈ 5നകം സമിതി റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് പ്രതിസന്ധി ചർച്ച ചെയ്യാൻ വിദ്യാർഥി സംഘടനകളുമായി നടത്തിയ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി വി.ശിവന്‍കുട്ടി.
എവിടെയെല്ലാം അധിക ബാച്ച് അനുവദിക്കണമെന്ന് സമിതി പരിശോധിക്കും. താലൂക്ക് തലത്തിൽ അഡ്‌മിഷൻ നടത്താനുള്ള നിർദേശം സർക്കാർ പരിഗണിച്ചു വരികയാണ്. മലപ്പുറം മേഖലയിൽ പുതിയ ബാച്ചുകൾ അനുവദിക്കാൻ തത്വത്തിൽ അംഗീകരിച്ചു.