കോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട സഹായധനം സിഎംഡിആർഎഫിലേക്ക് സംഭാവന നൽകുന്നതിനെതിരായ കെപിസിസി പ്രസിഡൻ്റിൻ്റെ പ്രസ്‌താവന തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്നും ജനത്തിന് ഈ ഫണ്ടുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ സംസ്ഥാന സർക്കാർ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനെ വിമർശിക്കേണ്ട സമയമല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുരന്തത്തെ രാഷ്ട്രീയവത്കരിക്കേണ്ട സമയവുമല്ല ഇത്. വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ എന്തുകൊണ്ടാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് അറിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിലും ലോക്‌സഭയിലും എംപിമാർ സമ്മർദം ചെലുത്തുന്നുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.
ദുരിതബാധിതർക്കായി കെപിസിസി നൂറ് വീട് വച്ച് നൽകും. സര്‍ക്കാര്‍ ഭൂമി നല്‍കിയാല്‍ അതില്‍ വീട് പണിത് നല്‍കും. ഇല്ലെങ്കില്‍ സ്ഥലം വാങ്ങി വീട് പണിത് നല്‍കും. മുഖ്യമന്ത്രിയുമായി വിഷയത്തില്‍ ചര്‍ച്ച നടത്തി. കോൺഗ്രസ് നേതാക്കളായ വിഎം സുധീരൻ, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തിട്ടുണ്ട്.