കേരളം

kerala

ETV Bharat / state

'മോദിയുടെ ഗ്യാരണ്ടിക്ക് പഴയ ചാക്കിന്‍റെ വില മാത്രം'; വി ഡി സതീശൻ - CONGRESS MANIFESTO

സാധാരണക്കാരെ ഹൃദയത്തിലേക്ക് ചേർത്ത് നിർത്തുന്നതാണ് കോൺഗ്രസിന്‍റെ പ്രകടനപത്രികയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭരണഘടന മൂല്യങ്ങൾക്ക് വിരുദ്ധമായ എല്ലാ നിയമങ്ങളും പിൻവലിക്കുമെന്നും സതീശൻ.

CONGRESS MANIFESTO  LOK SABHA ELECTION 2024  NARENDRA MODI  V D SATHEESAN
MODI'S GUARANTEE IS ONLY WORTH AN OLD SACK SAID V D SATHEESAN

By ETV Bharat Kerala Team

Published : Apr 8, 2024, 6:55 PM IST

MODI'S GUARANTEE IS ONLY WORTH AN OLD SACK SAID V D SATHEESAN

തിരുവനന്തപുരം :മോദിയുടെ ഗ്യാരണ്ടിക്ക് പഴയ ചാക്കിന്‍റെ വില മാത്രമേ ഉള്ളൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാധാരണക്കാരെ ഹൃദയത്തിലേക്ക് ചേർത്തുനിർത്തുന്നതാണ് കോൺഗ്രസിൻ്റെ പ്രകടനപത്രികയെന്നും വി ഡി സതീശൻ പ്രസ് ക്ലബിൽ നടന്ന കോണ്‍ഗ്രസ് മാനിഫെസ്‌റ്റോ ജനകീയ ചര്‍ച്ച ഉദ്ഘാടനം ചെയ്‌ത് പറഞ്ഞു.

ഭരണഘടന മൂല്യങ്ങൾക്ക് വിരുദ്ധമായ എല്ലാ നിയമങ്ങളും പിൻവലിക്കും. പ്രകടനപത്രികയിൽ സിഎഎയെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. പല രാഷ്ട്രീയ പാർട്ടികളും അവർ അവതരിപ്പിച്ച പ്രകടനപത്രിക ഭരണത്തിലെത്തുമ്പോൾ മറന്നു പോകുന്നു. എന്താണ് പറഞ്ഞതെന്ന് ഓർക്കുക പോലും ചെയ്യാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇന്ത്യയിലും വിവിധ സംസ്ഥാനങ്ങളിലും ഉണ്ടെന്നും വി ഡി സതീശൻ സൂചിപ്പിച്ചു.

കോൺഗ്രസിന് ചില അടിസ്ഥാന മൂല്യങ്ങൾ ഉണ്ട്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ആസൂത്രണം പൂർണമായും ഉപേക്ഷിച്ചു. പ്രോജക്റ്റുകളുടെ പുറകെയാണ് ഭരണകൂടങ്ങൾ പോകുന്നത്. പ്രോജക്റ്റുകളിൽ പട്ടികജാതി പട്ടികവർഗക്കാർക്ക് സംവരണമില്ല. പിന്നോക്ക ജനവിഭാഗങ്ങൾ ഏതാണെന്നറിയില്ല. കോൺഗ്രസിന്‍റെ ഈ പ്രകടന പത്രികയിലെ ഏറ്റവും വലിയ പ്രത്യേകത സ്ത്രീകൾക്ക് നീതി നൽകുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവർക്കും അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുക, അവസരങ്ങൾ നിഷേധിക്കാതിരിക്കുക എന്നതാണ് പ്രധാനം. ഏറ്റവും പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് ഒരു ലക്ഷം രൂപ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കും. ചെറുപ്പക്കാർ നാട് വിട്ടു പോകുകയാണ്. ചെറുപ്പക്കാരെ നാട്ടിൽ നിർത്താൻ വേണ്ടി അവർക്ക് നീതി ഉറപ്പാക്കുന്ന വാഗ്‌ദാനങ്ങൾ പ്രകടനപത്രികയിലുണ്ട്.

നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നാൽ 8 മണിക്കൂർ ജോലി സമയം എന്നത് 12 മണിക്കൂർ ആയി മാറും. മോദി അത് കോർപ്പറേറ്റുകൾ നൽകിയ ഉറപ്പാണ്. ലോകത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്. ഇന്ത്യയിൽ ഒരു ശതമാനം ആളുകളുടെ കയ്യിൽ സ്വത്ത് കേന്ദ്രീകരിക്കപ്പെടുകയാണെന്നും വി ഡി സതീശൻ വ്യക്തമാക്കി. പ്രകടനപത്രികയിലെ സന്ദേശം ജനങ്ങളിലേക്ക് എത്തണമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാർക്ക് നീതി ഉറപ്പാക്കുന്നതാണ് കോൺഗ്രസ് പ്രകടനപത്രികയെന്ന് പ്രചാരണ സമിതി ചെയർമാൻ രമേശ്‌ ചെന്നിത്തല പറഞ്ഞു. ഭരണഘടന മാറ്റിയെഴുതാനാണ് ബിജെപി യുടെ നീക്കം. 370 അനുച്ഛേദം കോൺഗ്രസ് പുനഃസ്ഥാപിക്കും. ഏക വ്യക്തി നിയമം നടപ്പാക്കില്ല. പൗരത്വ നിയമം ആദ്യ ക്യാബിനറ്റിൽ തന്നെ റദ്ദാക്കും. ഇതൊക്കെ രാഹുൽ ഗാന്ധി മുൻപ് പറഞ്ഞിട്ടുള്ളതാണെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേർത്തു.

ALSO READ : 'രാഷ്‌ട്രീയ എതിരാളികളെ എന്തും ചെയ്യാന്‍ മടിക്കാത്ത മാഫിയ സംഘമായി സിപിഎം മാറിക്കഴിഞ്ഞു'

ABOUT THE AUTHOR

...view details