എറണാകുളം:സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിൽ (ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്) പങ്കെടുക്കുന്നതിന് യുഎഇ പ്രത്യേക സംഘത്തെ അയയ്ക്കും. സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം യുഎഇ സ്വീകരിച്ചു. യുഎഇ കാബിനറ്റ് മിനിസ്റ്റർ ഓഫ് ഇൻവെസ്റ്റ്മെൻ്റ് മുഹമ്മദ് ഹസൻ അൽ സുവൈദി, വ്യവസായ മന്ത്രി പി രാജീവുമായി അബുദാബിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം നിക്ഷേപക സംഗമത്തിൻ്റെ ഭാഗമായുള്ള ഇൻവെസ്റ്റർ മീറ്റിനും റോഡ് ഷോയ്ക്കും ദുബായിൽ തുടക്കമായി. കേരളത്തിൽ ലോജിസ്റ്റിക്സ്, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപത്തിന് താത്പര്യമുള്ളതായി യുഎഇ മിനിസ്റ്റർ ഓഫ് ഇൻവെസ്റ്റ്മെൻ്റ് മുഹമ്മദ് ഹസൻ അൽ സുവൈദി പറഞ്ഞു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുക്കുന്ന പ്രത്യേക സംഘം ഇക്കാര്യങ്ങൾ വിലയിരുത്തും.
അബുദാബി ചേംബർ ഓഫ് കോമേഴ്സും നിക്ഷേപക സംഗമത്തിന് പ്രത്യേക സംഘത്തെ അയക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവിനെ അറിയിച്ചു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുമ്പായി പ്രാഥമിക പരിശോധനകൾക്കായി ചേംബറിൻ്റെ ഉദ്യോഗസ്ഥ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കും. ലഭ്യമായ സ്ഥലങ്ങൾ പരിശോധിക്കുന്നതിനും നിക്ഷേപ മേഖലകൾ വിലയിരുത്തുന്നതിനുമാണ് ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കുന്നത്.