ഇടുക്കി:ആനയിറങ്കൽ ഡാമിൽ രണ്ട് പേരെ കാണാതായതായി സംശയം. രാജകുമാരി സ്വദേശികളായ തച്ചമറ്റത്തിൽ ജെയ്‌സൻ (42), ബിജു മുളോകുടി (50) എന്നിവരെയാണ് കാണാതായത്. കുളിക്കാൻ ഇറങ്ങിയപ്പോൾ ഇരുവരും മുങ്ങി പോയെന്നാണ് സംശയിക്കുന്നത്. ഇന്നലെ (ഫെബ്രുവരി 17) വൈകുന്നേരം ആറ് മണിയോടെയാണ് ഇരുവരെയും കാണാതായത്.
ഡാമിന് സമീപത്ത് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ഇരുവരുടെയും ഫോണും ചെരുപ്പും വാഹനവും കണ്ടെത്തിട്ടുണ്ട്. ആനയിറങ്കൽ ഡാമിന്‍റെ പല ഭാഗങ്ങളും അപകട സാധ്യത നിറഞ്ഞ മേഖലയാണ്. ഇവിടെയാണ് ഇരുവരും കുളിക്കാനായി ഇറങ്ങിയതെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.
ഇവർ മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുവാൻ ആനയിറങ്കൽ ഡാമിന്‍റെ പരിസരത്ത് എത്തുകയും ഡാമിന്‍റെ വാച്ചർ വെള്ളത്തിൽ ഇറങ്ങുവാൻ സമ്മതിക്കാതെ ഇവരെ തിരികെ പറഞ്ഞയക്കുകയും ചെയ്‌തിരുന്നു. പിന്നീട് പൂപ്പാറയിൽ തിരികെ എത്തിയ ഇവർ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ പൂപ്പാറയിൽ ഇറക്കിവിട്ട ശേഷം തമിഴ്‌നാട് പോവുകയാണെന്ന് പറഞ്ഞ് വീണ്ടും ആനയിറങ്കലിലേക്ക് പോവുകയായിരുന്നു. തുടർന്നാണ് ഇരുവരെയും കാണാതാകുന്നത്.