തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതില്‍ മാറ്റം വരുത്തി. ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത് സർക്കുലർ ഇറക്കി. ഇരുചക്ര വാഹനങ്ങളിൽ മൂന്ന് പേർ യാത്ര ചെയ്യുന്നതിന് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാൻ ഗതാഗത കമ്മീഷണർ സർക്കുലറിൽ നിർദേശിച്ചു.
മാത്രമല്ല മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് കേസ് പ്രത്യേകമായി അന്വേഷിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി വേണം നടപടിയെടുക്കാൻ. പൊലീസ് എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ മാത്രം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. കേസ് പ്രത്യേകമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് നടപടി എടുക്കണം.
അപകടകരമായി വാഹനമോടിക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോകല്‍ എന്നീ കുറ്റകൃത്യങ്ങൾക്കും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ സർക്കുലറിൽ നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച് മൂന്ന് തവണ പിടിച്ചാലും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.
സാധാരണ റോഡ് അപകടങ്ങളില്‍ പൊലീസിന്റെ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് വാഹന ഉടമയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്. സത്യം തെളിയിക്കാൻ വേണ്ട സമയം പോലും വാഹനം ഉടമകള്‍ക്ക് കൊടുക്കാറില്ലേ എന്ന് പല കേസുകളിലും ഹൈക്കോടതി തന്നെ ചോദിച്ചിട്ടുമുണ്ട്.
ഇതേ തുടർന്ന് പല കേസുകളും കോടതിയില്‍ തള്ളി പോകാറുണ്ട്. ഈ സാഹചര്യത്തിൽ സ്വാഭാവിക നീതി ഉറപ്പാക്കാനാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതില്‍ മാറ്റം വരുത്തുന്നത്. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ തൊട്ട് താഴോട്ടുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഗതാഗത കമ്മീഷണര്‍ എഡിജിപി എസ് ശ്രീജിത്ത് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ അടിമുടി പരിഷ്ക്കരണം; സർക്കുലർ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ് :സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് അടിമുടി പരിഷ്ക്കരിച്ച് മോട്ടോർ വാഹന വകുപ്പ് സർക്കുലർ ഇറക്കി. സർക്കുലർ പ്രകാരം കാർ ലൈസൻസ് ടെസ്റ്റിന് 'H' എടുക്കലിന് പകരം അംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രെഡിയന്റ് ടെസ്റ്റ് എന്നിവ ഉൾപ്പെടുത്തി പരിഷ്ക്കാരിക്കാൻ ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. മെയ് ഒന്ന് മുതൽ പരിഷ്കാരം പ്രാബല്യത്തിൽ വരുത്തണമെന്നാണ് നിർദേശം.