ജനറല്‍ കോച്ചില്‍ നിന്നുള്ള കാഴ്‌ച (ETV Bharat) കണ്ണൂര്‍: മലബാറിലെ ട്രെയിന്‍ യാത്ര ദുരിതമാകുന്നു. യാത്രക്കാരുടെ തിരക്ക് കാരണം ജനറല്‍ കോച്ചില്‍ നിന്ന് തിരിയാന്‍ പോലും ഇടമില്ല. മധ്യകേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ഉള്‍പ്പെടെ വിവിധ ട്രെയിനുകളില്‍ കയറാനാവാതെ ദുരിതം നേരിടുകയാണ്.
സ്ലീപ്പര്‍ കോച്ചില്‍ കയറാന്‍ ശ്രമിച്ചാല്‍ പൊലീസ് തെരഞ്ഞു പിടിച്ച് ഇറക്കുകയാണ്. തൃശൂര്‍ കഴിഞ്ഞാല്‍ കാല് കുത്താന്‍ പോലും ഇടമില്ലാതാകുന്നു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയാലും തിരക്ക് കുറയുന്നില്ല.
കണ്ണൂര്‍ കാസര്‍ഗോഡ് ഭാഗത്തുള്ള യാത്രക്കാര്‍ക്കാണ് ദുരിതം ഏറെയുള്ളത്. ഒരോ ട്രെയിന്‍ സ്‌റ്റേഷന്‍ വിടുമ്പോഴും നിരാശരായി പ്ലാറ്റ്‌ഫോമില്‍ നോക്കി നില്‍ക്കേണ്ടി വരുന്നു. കോഴിക്കോട് നിന്നും വൈകിട്ടുള്ള നേത്രാവതി എക്‌സപ്രസ് കഴിഞ്ഞാല്‍ വന്ദേഭാരത് മാത്രമാണുള്ളത്.
ഇതിന് കണ്ണൂരും കാസര്‍ഗോഡും മംഗളൂരുവിലും മാത്രമാണ് സ്‌റ്റോപ്പുളളത്. മിക്കപ്പോഴും ടിക്കറ്റ് പോലും ലഭിക്കാറില്ല. വടക്കന്‍ കേരളത്തിലേക്കുള്ള യാത്രികരുടെ പ്രശ്‌നങ്ങള്‍ കാലങ്ങളായി നിലനില്‍ക്കുന്നുണ്ടെങ്കിലും അധികൃതരില്‍ നിന്നും ഒരു പരിഹാരവും ഇന്ന് വരേയും ഉണ്ടായിട്ടില്ല എന്ന ആക്ഷേപമാണ് ഉയരുന്നത്. ജനറല്‍ കോച്ചുകള്‍ കൂട്ടുകയും കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുകയും ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Also Read :ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ സുഹൃത്തുക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു