കോഴിക്കോട്: ഓട്ടോ ഡ്രൈവറായ രമേശ് ബാബു ആദ്യ ഓട്ടം ലഭിച്ചപ്പോൾ ഓട്ടോറിക്ഷയുടെ ഹാൻഡിൽ ഒന്ന് തൊട്ടു തൊഴുതു. ഇന്ന് നല്ല ഓട്ടം ലഭിക്കണമെന്ന് മനസിൽ പ്രാർഥിച്ചു. ഓട്ടോയിൽ കയറിയ സ്ത്രീയെയും കൊണ്ട് റെയിൽവേ സ്റ്റേഷനിലേക്ക് പറന്നു.
ട്രെയിനിന് സമയമായതുകൊണ്ട് സ്റ്റേഷനിൽ എത്തിയപ്പോൾ പണം നൽകി സ്ത്രീ ഓടി സ്റ്റേഷന് അകത്തേക്ക് കയറി. അതിനുശേഷം ഓട്ടോ ചാർജ് ചെയ്യുന്നതിന് നിർത്തിയിട്ടു. അല്‍പം മൊബൈൽഫോണിൽ
കുത്തി കളിച്ചു.
ചാർജ് ആയ ഓട്ടോറിക്ഷയുമായി ഓട്ടത്തിന് പോകാൻ ഓട്ടോയിൽ കയറിയപ്പോഴാണ് താൻ ഇരിക്കുന്നതിന്‍റെ പിറകിൽനിലത്ത് ഒരു ബാഗ് കാണുന്നത്. നോക്കുമ്പോൾ വില കൂടിയ ലാപ്ടോപ്പും കുറെ രേഖകളും. രമേശ് ബാബുവിന്‍റെ മനസിൽ കോഴിക്കോട്ടെ ഓട്ടോറിക്ഷക്കാരുടെ സത്യസന്ധത തെളിഞ്ഞു.
ഒട്ടും വൈകാതെ ഓട്ടോയും ലഭിച്ച ബാഗുമായി കോഴിക്കോട് ട്രാഫിക് പൊലീസിൽ എത്തി. ബാഗ് പൊലീസുകാരെ ഏൽപ്പിച്ചു. മലബാർ മെഡിക്കൽ കോളജിലെ ഡോക്‌ടർ സുൽഫത്തിന്‍റെതായിരുന്നു ഈ ബാഗ്.
ബാഗ് നഷ്‌ടപ്പെട്ടതറിഞ്ഞ് ആകെ സങ്കടപ്പെട്ട് എന്ത് ചെയ്യണമെന്ന് അറിയാതിരിക്കുമ്പോഴാണ് പൊലീസിൻ്റെ വിളിയെത്തുന്നത്. ഒരു ലക്ഷത്തി അറുപതിനായിരത്തിലേറെ രൂപ വില വരുന്നതായിരുന്നു ബാഗിൽ ഉണ്ടായിരുന്ന ലാപ്ടോപ്പ്. ലാപ്ടോപ്പിന്‍റെ വിലയെക്കാളുപരി രോഗികളുടെ വിവരങ്ങൾ ഉൾപ്പെടെ പല വിവരങ്ങളും ഈ ലാപ്ടോപ്പിൽ ആയിരുന്നു അടങ്ങിയത്.
നഷ്‌ടപ്പെട്ടു എന്ന് കരുതിയ ലാപ്ടോപ്പ് തിരികെ ലഭിച്ചപ്പോൾ കണ്ണും മനസും നിറഞ്ഞാണ് രമേശ് ബാബുവിൽ നിന്നും ലാപ്ടോപ്പ് ഡോക്‌ടർ സ്വീകരിച്ചത്. ഫറോക്ക് പുറ്റേക്കാട് മൂന്നിലാംപാഠം വന്ദനം വീട്ടിൽ താമസിക്കുന്ന രമേശ് ബാബുവിന് വിലപിടിപ്പുള്ള വസ്‌തുക്കൾ ലഭിക്കുന്നത് ആദ്യത്തെ അനുഭവം അല്ല.
മുമ്പ് വീടിനടുത്ത് റോഡിൽ നിന്നും വിലകൂടിയ വാച്ചാണ് ആദ്യം ലഭിച്ചത്. ഉടനെ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ ഒരു ബോർഡ് എഴുതിവെച്ചു ഉടമയെത്തി വാച്ച് സ്വീകരിച്ചു. മറ്റൊരിക്കൽ മംഗലാപുരത്തെ ലോഡ്‌ജിന്‍റെ മുറ്റത്തുനിന്നും സ്വർണ്ണമാല ലഭിച്ചു. കോഴിക്കോട് കോർട്ട് റോഡിലുള്ള വ്യാപാരിയുടേതായിരുന്നു ആ സ്വർണ്ണമാല.
തമിഴ്‌നാട്ടിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്ത് നാല് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും രമേശ് ബാബുവിന് വീണു കിട്ടി. പരിചയക്കാരനായ ഫറോക്ക് സ്വദേശിയുടേതായിരുന്നു ആ മാല. റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടം പോകുമ്പോൾ റോഡിൽനിന്ന് വലിയൊരു ട്രോളി ബാഗ് കിട്ടി. ഗൾഫിൽ നിന്ന് എത്തിയ ഒരു പ്രവാസിയുടേതായിരുന്നു ആ ബാഗ്. ജീപ്പിനു മുകളിൽ നിന്ന് ബാഗ് താഴെ വീഴുകയായിരുന്നു അതും തിരികെ നൽകി. മറ്റൊരിക്കൽ ഫറോക്കിൽ നിന്നും ഒന്നരലക്ഷത്തോളം രൂപ അടങ്ങിയ ഒരു പേഴ്‌സ് വീണു കിട്ടി. കടലുണ്ടി കടവിനടുത്തുള്ള പ്രവാസിയുടേതായിരുന്നു ഈ പേഴ്‌സ്. ഇവയെല്ലാം തിരികെ നൽകി രമേശ് ബാബു നേരത്തെ തന്നെ സത്യസന്ധത കാണിച്ചിരുന്നു.
ഇത്രയേറെ സത്യസന്ധതയുള്ള രമേശ് ബാബുവിനെ വേദനിപ്പിച്ച ഒരു അനുഭവവുമുണ്ട്. ഡൽഹിയിൽ പഠിക്കുന്ന മകന് വിലകൂടിയ ഒരു മൊബൈൽ ഫോൺ രമേശ് ബാബു വാങ്ങി നൽകി ഈ ഫോണുമായി പോകുമ്പോൾ മൂന്നുപേർ തട്ടിപ്പറിച്ച് ഫോണുമായി കടന്നുകളഞ്ഞു. ഇത് മാനസിക വിഷമമുണ്ടാക്കിയ ഒരു അനുഭവമായിരുന്നു.
ജീവിത പ്രയാസങ്ങൾ ഉണ്ടെങ്കിലും കളഞ്ഞു കിട്ടിയ സാധനങ്ങൾ തിരികെ നൽകുമ്പോൾ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെയാണ് രമേശ് ബാബു എല്ലാം സുരക്ഷിതമായി നഷ്‌ടപ്പെട്ടവരുടെ കരങ്ങളിൽ തിരികെ ഏൽപ്പിക്കുന്നത്. മാനസിക സംതൃപ്‌തി മാത്രമാണ് ആകെ പ്രതീക്ഷിക്കുന്നത്.
കോഴിക്കോട് നഗരത്തിൽ ഓട്ടോ ഓടിക്കുന്ന രമേശ് ബാബു ഭാര്യ ദീപക്കും മക്കളായ ആദർശ്, ഗോപിക എന്നിവർക്കുമൊപ്പം ഫറോക്കിലാണ് താമസം. ബാബുവിന്‍റെ സത്യസന്ധതയ്ക്ക് ട്രാഫിക് പൊലീസ് അനുമോദന പത്രവും മൊമെന്‍റോയും നൽകി ആദരിച്ചു. ചടങ്ങിൽ ട്രാഫിക് എസ് എച്ച് ഒ റിയാസ്, കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് വി ഷാജു, ട്രാഫിക് പിആർഒ പി പി ഷനോജ് തുടങ്ങിയവർ സംബന്ധിച്ചു.
ALSO READ:ലത്തേഹാറിലെ ട്രെയിൻ അപകടം; ചായ വിൽപനക്കാരന്‍റെ ഇടപെടലില്‍ രക്ഷപ്പെട്ടത് നിരവധിപേര്‍