വയനാട്:കാട്ടാനയുടെ ആക്രമണത്തില്‍ പാക്കം സ്വദേശി പോള്‍ മരിച്ചതുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളിയിലുണ്ടായ പ്രതിഷേധ സമരത്തില്‍ വനംവകുപ്പിന്‍റെ വാഹനം ആക്രമിച്ച കേസില്‍ രണ്ട് പേരെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്‌തു. കുറിച്ചിപ്പറ്റ കാഞ്ഞിരത്തിങ്കല്‍ ഷിജു, പുല്‍പ്പള്ളി കാപ്പി സെറ്റ് സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
സര്‍ക്കാര്‍ ജീവനക്കാരനെ തടഞ്ഞുവെച്ച് മര്‍ദിച്ച് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും, പൊതുമുതല്‍ നശിപ്പിച്ചതിനും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ സംഭവത്തില്‍ കണ്ടാലറിയുന്ന നാല്‍പ്പത് പേര്‍ക്കെതിരെയാണ് കേസ്. പുല്‍പ്പള്ളി സംഭവവുമായി ബന്ധപ്പെട്ട് മേഖലയിലെ സിസിടിവി ദൃശ്യങ്ങളും, മറ്റും പൊലീസ് വ്യാപകമായി പരിശോധിക്കുന്നുണ്ട്. അക്രമത്തിന്‍റെ ഭാഗമായി കൂടുതല്‍ പേരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.
കേസുകള്‍ രജിസ്റ്റര്‍ ചെയ്‌ത് പൊലീസ്:വയനാട് പുൽപ്പള്ളിയിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്കെതിരെ ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഹർത്താലിനിടെയുണ്ടായ ആക്രമണത്തെ തുടർന്ന് കേസുകൾ രജിസ്റ്റർ ചെയ്‌ത് പൊലീസ്. മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. പൊതുവഴി തടസപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേരൽ, ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യൽ, കലാപം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. കണ്ടാൽ അറിയുന്നതും അറിയാത്തതുമായ നിരവധി പേർക്കെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.