അടുത്തമാസം നറുക്കെടുക്കുന്ന തിരുവോണം ബമ്പര്‍ കേരള ഭാഗ്യക്കുറി ടിക്കറ്റിന്‍റെ വില്‍പ്പന സംസ്ഥാനത്ത് പൊടി പൊടിക്കുകയാണ്. മൂന്നരക്കോടി മലയാളികളുള്ള സംസ്ഥാനത്ത് ലോട്ടറി വകുപ്പ് അച്ചടിച്ചിറക്കിയിരിക്കുന്നത് 90 ലക്ഷം ബമ്പര്‍ ടിക്കറ്റുകളാണ്. ശരാശരിക്കണക്ക് എടുത്താല്‍ നാലു മലയാളികളിലൊരാള്‍ തിരുവോണം ബമ്പര്‍ എടുക്കും. മലയാളികള്‍ക്ക് മാത്രമേ ലോട്ടറി എടുക്കാവൂ എന്ന നിയന്ത്രണമില്ലാത്തതിനാല്‍ അന്യ സംസ്ഥാനക്കാര്‍ക്കും അതിഥി തൊഴിലാളികള്‍ക്കുമൊക്കെ കേരള ഭാഗ്യക്കുറി ടിക്കറ്റെടുക്കുന്നതിന് തടസമില്ല. അതായത് തിരുവോണം ബമ്പറില്‍ സമ്മാനമടിക്കാന്‍ കടുത്ത മത്സരം നടക്കും എന്ന് ഉറപ്പ്.
ഒക്ടോബര്‍ 9 ന് രണ്ടുമണിക്ക് നറുക്കെടുക്കുന്ന ബി ആര്‍ 99 തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 500 രൂപയാണ്. മത്സരം കടുത്തതാകുമെങ്കിലും ഓണം ബമ്പര്‍ എടുക്കാന്‍ മലയാളികളും 'ഭായി'മാരും ഒക്കെ ധൃതികൂട്ടുകയാണ്. ഒറ്റയ്ക്ക് 500 രൂപയുടെ ടിക്കറ്റെടുക്കാന്‍ സാധിക്കാത്തവര്‍ ഷെയറിട്ട് ഭാഗ്യക്കുറി എടുക്കുന്നു.
പത്തും പതിനഞ്ചും പേര്‍ ചേര്‍ന്ന് ബമ്പര്‍ ലോട്ടറി എടുക്കുന്ന രീതിയും സംസ്ഥാനത്ത് വ്യാപകമാവുകയാണ്. അങ്ങിനെ ഷെയറിട്ട് എടുത്ത ടിക്കറ്റിന് ബമ്പര്‍ ലോട്ടറി സമ്മാനം അടിച്ച ചരിത്രവും കേരളത്തിലുണ്ട്. കഴിഞ്ഞ വര്‍ഷം പത്തു കോടിയുടെ മണ്‍സൂണ്‍ ബമ്പര്‍ സമ്മാനം അടിച്ചത് മലപ്പുറത്തെ ഹരിത കര്‍മ്മ സേന അംഗങ്ങളായ മലപ്പുറത്തെ പതിനൊന്ന് വനിതകള്‍ക്കായിരുന്നു. ഇത്തവണത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റുകളും പങ്കു ചേര്‍ന്ന് നിരവധി പേര്‍ എടുത്തു കഴിഞ്ഞു. ഇങ്ങിനെ ഷെറിട്ട് ടിക്കറ്റ് എടുക്കുന്നതിന് നിയമപരമായി വിലക്കൊന്നും ഇല്ലെങ്കിലും അത്തരക്കാര്‍ ഉറപ്പായും അറിയേണ്ട ചില കാര്യങ്ങളുണ്ട്.
- സമ്മാനത്തുക ഒറ്റ അക്കൗണ്ടിലേക്ക്
ഷെയറിട്ട് വാങ്ങുന്ന ലോട്ടറി ടിക്കറ്റിന് സമ്മാനം അടിച്ചാല്‍ സമ്മാനത്തുക ആര്‍ക്ക് നല്‍കും എന്നതിലാണ് ആശയക്കുഴപ്പം. പത്തോ പതിനഞ്ചോ പേര്‍ ചേര്‍ന്ന് എടുക്കുന്ന ലോട്ടറി ടിക്കറ്റിന് സമ്മാനം ലഭിച്ചാല്‍ വിവിധ വ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക വീതിച്ച് അയച്ചു കൊടുക്കാന്‍ ലോട്ടറി ഡയറക്‌ടറേറ്റിന് കഴിയില്ല. അങ്ങനെ വരുമ്പോള്‍ സമ്മാനത്തുക ഒറ്റ അക്കൗണ്ടിലേക്കാണ് ലോട്ടറി വകുപ്പ് നല്‍കുക.
ഷെയറിട്ടെടുത്ത ലോട്ടറി ടിക്കറ്റുകളുടെ കാര്യത്തില്‍ ആരുടെ അക്കൗണ്ടിലേക്കാണ് സമ്മാനത്തുക നല്‍കേണ്ടതെന്ന് വ്യക്തമാക്കുന്ന രേഖ ലോട്ടറി വകുപ്പിന് നല്‍കണം. നോട്ടറി സാക്ഷ്യപ്പെടുത്തി 50 രൂപ മുദ്രപ്പത്രത്തില്‍ വേണം ഈ സാക്ഷ്യപത്രം നല്‍കാന്‍. മറ്റൊരു വഴി കൂടിയുണ്ട്. കൂട്ടായി ടിക്കറ്റെടുത്തവര്‍ ചേര്‍ന്ന് തുടങ്ങുന്ന ജോയിന്‍റ് അക്കൗണ്ടിലേക്കും സമ്മാനത്തുക നല്‍കാന്‍ കഴിയും. ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് സമ്മാനത്തുക നല്‍കുക.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- ജേതാക്കള്‍ എങ്ങനെ, എപ്പോള്‍ സമീപിക്കണം
ഭാഗ്യക്കുറി ജേതാക്കള്‍ക്ക് നേരിട്ടോ പോസ്റ്റ് വഴിയോ ബാങ്ക് വഴിയോ സമ്മാനത്തുക അവകാശപ്പെടാന്‍ അവസരമുണ്ട്. 20 ലക്ഷത്തിനു മേല്‍ സമ്മാനത്തുകയുള്ള എല്ലാ ലോട്ടറികളിലും സമ്മാനത്തുക ലഭിക്കാന്‍ സമീപിക്കേണ്ടത് ലോട്ടറി ഡയറക്‌ടറേറ്റിനെയാണ്. ബാങ്ക് വഴി സമീപിക്കുമ്പോള്‍ ബാങ്ക് അധികൃതര്‍ സമീപിക്കുന്നതും ലോട്ടറി ഡയറക്‌ടറേറ്റിനെയാണ്.
ഒരു ലക്ഷം വരെയുള്ള സമ്മാനത്തുക ലഭിക്കാന്‍ ജില്ല ലോട്ടറി ഓഫിസറെ സമീപിക്കാം. 1 ലക്ഷത്തിനു മുകളില്‍ 20 ലക്ഷം വരെ സമ്മാനത്തുക ലഭിക്കാന്‍ ജേതാക്കള്‍ക്ക് ലോട്ടറി ഡെപ്യൂട്ടി ഡയറക്‌ടറെ സമീപിക്കാം. 5000 രൂപ വരെയുള്ള സമ്മാനത്തുക ജേതാക്കള്‍ക്ക് ടിക്കറ്റ് ഹാജരാക്കി അംഗീകൃത ഏജന്‍റുമാരില്‍ നിന്നും വാങ്ങാനാവും.
ഇങ്ങിനെ ഏജന്‍റുമാര്‍ കൈപ്പറ്റുന്ന സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ 90 ദിവസത്തിനകം ഡയറക്‌ടറേറ്റില്‍ എത്തിക്കണം. സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ ഹാജരാക്കുമ്പോഴും ശ്രദ്ധിക്കണം. ചുരുട്ടിയതോ മുഷിഞ്ഞതോ കീറിയതോ അറ്റുപോയതോ ആയ ലോട്ടറി ടിക്കറ്റുകള്‍ ലോട്ടറി ഡയറക്‌ടറേറ്റ് സ്വീകരിക്കില്ല.
സമ്മാനമടിച്ച ഭാഗ്യക്കുറി ടിക്കറ്റിന്‍റെ ഉടമകള്‍ ടിക്കറ്റിനു പുറകില്‍ പേര്, വിലാസം, ഒപ്പ് എന്നിവ രേഖപ്പെടുത്തി വേണം സമ്മാനത്തുക ലഭിക്കുന്നതിനായി സമര്‍പ്പിക്കാന്‍. ഗസറ്റഡ് ഓഫിസര്‍ അല്ലെങ്കില്‍ നോട്ടറി സാക്ഷ്യപ്പെടുത്തിയ 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സ്റ്റാമ്പ് പതിച്ച നിശ്ചിത മാതൃകയിലുള്ള റസീത്, സമ്മാനമടിച്ച ലോട്ടറി ടിക്കറ്റിന്‍റെ രണ്ടു വശത്തിന്‍റേയും അറ്റസ്റ്റ് ചെയ്‌ത ഫോട്ടോ കോപ്പി, പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ് എന്നിവയിലൊന്നിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എന്നിവ ടിക്കറ്റിനൊപ്പം സമര്‍പ്പിക്കണം. ബാങ്കിലാണ് സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് സമ്മാനത്തുക ലഭിക്കാന്‍ നല്‍കുന്നതെങ്കില്‍ ഏതാനും രേഖകള്‍ അധികമായി നല്‍കേണ്ടി വരും. സമ്മാന ജേതാവ് നല്‍കുന്ന സമ്മത പത്രം, ടിക്കറ്റ് കൈപ്പറ്റിയതിനും നല്‍കിയതിനു ബാങ്കില്‍ നിന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തുക കൈപ്പറ്റിയതിന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ആവശ്യം.
- അന്യ സംസ്ഥാനക്കാര്‍ക്ക് സമ്മാനത്തുക ലഭിക്കാന്‍
കേരള ഭാഗ്യക്കുറി ടിക്കറ്റുകളുടെ വില്‍പ്പന സംസ്ഥാനത്തിനകത്ത് മാത്രമാണെങ്കിലും അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും ഭാഗ്യം പരീക്ഷിക്കുന്നതിന് തടസമില്ല. സംസ്ഥാനത്തെ ഏജന്‍റുമാരില്‍ നിന്നും വാങ്ങിക്കുന്ന അംഗീകൃത ഭാഗ്യക്കുറി ടിക്കറ്റുകള്‍ക്കാണ് നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുക. ഭാഗ്യക്കുറി നറുക്കെടുപ്പില്‍ സമ്മാനാര്‍ഹമായ ടിക്കറ്റിന്‍റെ ഉടമ അന്യ സംസ്ഥാനക്കാരാണെങ്കില്‍ ഏതാനും രേഖകള്‍ കൂടി അധികമായി സമ്മാനാര്‍ഹമായ ടിക്കറ്റിനൊപ്പം നല്‍കേണ്ടി വരും. നോട്ടറി അല്ലെങ്കില്‍ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകള്‍,വിലാസം തെളിയിക്കുന്നതിനുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവയാണ് അധികമായി നല്‍കേണ്ടത്.
സമ്മാനത്തുക ക്ലെയിം ചെയ്യാന്‍ സമയപരിധിയുണ്ട്. നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുകയ്ക്ക് ലോട്ടറി വകുപ്പിനെ സമീപിക്കണമെന്നാണ് പൊതു ചട്ടം. അസാധാരണ സാഹചര്യങ്ങളില്‍ വൈകിയെത്തുന്ന ക്ലെയിമുകളില്‍ ഇളവ് നല്‍കാന്‍ ലോട്ടറി ഡയറക്‌ടര്‍ക്കും സര്‍ക്കാരിനും അധികാരമുണ്ട്. 30 ദിവസം വരെ വൈകിയെത്തുന്ന അവകാശികള്‍ക്ക് ഇളവ് നല്‍കാന്‍ ജില്ല ലോട്ടറി ഓഫിസര്‍ക്കും 45 ദിവസം വരെ വൈകി ഹജരാക്കുന്ന സമ്മനാര്‍ഹ ടിക്കറ്റുകളില്‍ ലോട്ടറി ഡെപ്യൂട്ടി ഡയറക്‌ടര്‍മാര്‍ക്കും 60 ദിവസം വരെ വൈകുന്ന കേസുകളില്‍ ലോട്ടറിഡയറക്‌ടര്‍ക്കും അതിനു മുകളില്‍ വൈകുന്ന കേസുകളില്‍ സംസ്ഥാന സര്‍ക്കാരിനും ചട്ടമനുസരിച്ച് ഇളവ് നല്‍കാം.
എന്നാല്‍ ഇങ്ങനെ ഇളവ് അനുവദിക്കാന്‍ തക്കതായ കാരണവും മതിയായ രേഖകളും ജേതാക്കള്‍ ഹജരാക്കുകയും അത് ബന്ധപ്പെട്ടവര്‍ക്ക് ബോധ്യപ്പെടുകയും വേണം. ഏതെങ്കിലും കാരണത്താല്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കിയ ശേഷം സമ്മാനത്തുക കൈപ്പറ്റാന്‍ സാവകാശം വേണമെങ്കില്‍ ജേതാക്കള്‍ക്ക് അതിനും വഴിയുണ്ട്. വിജയി ആവശ്യപ്പെടുന്ന പക്ഷം മതിയായ കാരണമുണ്ടെങ്കില്‍ സമ്മാനത്തുക കൈപ്പറ്റാന്‍ 90 ദിവസം വരെ സമയമനുവദിക്കാന്‍ ലോട്ടറി ഡയറക്‌ടര്‍ക്കും 180 ദിവസം വരെ സമയം നീട്ടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനും അധികാരമുണ്ട്.
Also Read : തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ ഉത്സവ ബത്ത; വിവിധ മേഖലകളിലെ ബത്ത ഇങ്ങനെ... - Festival Allowance in Kerala