തൃശൂർ:പൂരം കലക്കൽ വിവാദം പുതിയ തലങ്ങളിലേക്ക്. പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തിന് പങ്കുണ്ടെന്ന തരത്തിലുള്ള എഡിജിപി എംആർ അജിത് കുമാറിന്‍റെ റിപ്പോർട്ടിൽ പ്രതികരിച്ച് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ രംഗത്ത്. പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ എഡിജിപി ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രതികരണവുമായി രംഗത്തെത്തിയത്.
പൂരം കലക്കൽ തിരുവമ്പാടി ദേവസ്വത്തിന്‍റെ തലയിൽ വച്ചുകെട്ടാനുള്ള ഗൂഢനീക്കം നടക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ദേവസ്വവുമായി ബന്ധമില്ലാത്തവരുടെ പേരുകളാണ് പൂരം കലക്കലിൽ പറഞ്ഞ് കേൾക്കുന്നത്. കേസ് കേരള പൊലീസിന് തെളിയിക്കാൻ സാധിക്കില്ലെങ്കിൽ സിബിഐയ്ക്ക് വിടണമെന്നും ഗിരീഷ് കുമാർ വ്യക്തമാക്കി.
എഡിജിപി അജിത് കുമാറിന്‍റെ റിപ്പോർട്ട് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനുശേഷം ത്രിതല അന്വേഷണവും പ്രഖ്യാപിച്ചു. ത്രിതല അന്വേഷണത്തിലാണ് എല്ലാം വ്യക്തമാവുക. അതിനുശേഷമാണ് ഇത്തരത്തിലുള്ള റിപ്പോർട്ട് വരുന്നത്. പൂര ദിവസവും തലേദിവസവും എഡിജിപി തൃശൂരിലുണ്ടായിരുന്നു. ദേവസ്വത്തിന് ഒരു രാഷ്ട്രീയവുമില്ല. അതേസമയം പൂരദിവസം രാഷ്ട്രീയ പാർട്ടികൾ അവിടെയുണ്ടായിരുന്നുവെന്നും ദേവസ്വം സെക്രട്ടറി കൂട്ടിച്ചേർത്തു.
റിപ്പോർട്ടിൽ ഉള്ളത് അജിത് കുമാറിന്‍റെ മാത്രം നിരീക്ഷണങ്ങളാണ്. 2023 ഉണ്ടായ പിഴവുകൾ തന്നെ 2024ലും പൊലീസിന്‍റെ ഭാഗത്തു നിന്നും ആവർത്തിച്ചു. അതിനെയാണ് തിരുവമ്പാടി ദേവസ്വം എതിർത്തത്. തിരുവമ്പാടി ദേവസ്വത്തിന്‍റെ കുറച്ച് ആൾക്കാർ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാവില്ല. അന്വേഷണം സിബിഐക്ക് വിടണം, തെറ്റ് ചെയ്‌തത് ആരാണെന്ന് സിബിഐ കണ്ടെത്തണമെന്നും ഗിരീഷ് കുമാർ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'ഞങ്ങൾ ഉണ്ടാക്കിയ പൂരം ഞങ്ങൾ തന്നെ കലക്കുമോ?' എന്നും അദ്ദേഹം ചോദിച്ചു. തിരുവമ്പാടി ദേവസ്വം ഒരു രാഷ്ട്രീയക്കളിയും കളിച്ചിട്ടില്ല. റിപ്പോർട്ട് ദേവസ്വത്തിന്‍റെ ധാർമികതയെ ബാധിക്കും. ജനുവരി മൂന്നിനും അഞ്ചിനും നടക്കുന്ന തിരുവമ്പാടി, പാറമേക്കാവ് വേല വെടിക്കെട്ടിന് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും കെ ഗിരീഷ് കുമാർ പറഞ്ഞു.
പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമെന്ന് എഡിജിപി റിപ്പോർട്ട്:തൃശൂർ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമാണെന്ന തരത്തില്‍ എഡിജിപി എംആർ അജിത് കുമാറിന്‍റെ റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. തിരുവമ്പാടി ദേവസ്വം പൂരം അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്‌ചയൊന്നും സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ പേരടക്കം പരാമർശിച്ചു കൊണ്ടാണ് എഡിജിപി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.