മുള്ളൻകൊല്ലിക്കാര്‍ക്ക് ആശ്വാസം; നാട് വിറപ്പിച്ച കടുവ കൂട്ടിലായി.. വയനാട്: മുള്ളൻകൊല്ലി, പുൽപ്പള്ളി എന്നീ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ ഭീതിപരത്തിയ കടുവ ഒടുവിൽ കൂട്ടിലായി. വടാനകവലയ്ക്ക് സമീപം വനമൂലികയിൽ വനംവകുപ്പ് സ്ഥാപിച്ചിരുന്ന കൂട്ടിലാണ് ഇന്ന് രാവിലെ പത്ത് മണിയോടെ കടുവ കുടുങ്ങിയത്.
കഴിഞ്ഞ ഒരു മാസത്തിലേറെയായി പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. നിരവധി വളർത്തു മൃഗങ്ങളെ പിടികൂടിയ കടുവ ഇന്നലെയും ഒരു പശുക്കിടാവിനെ കൊന്നിരുന്നു.
കടുവയെ മയക്കുവടി വെച്ച് പിടികൂടാൻ ഉത്തരവിറങ്ങിയതിന് പിന്നാലെ വനം വകുപ്പ് തിരച്ചിൽ ശക്തമാക്കിയിരുന്നു. കടുവയെ പിടികൂടാനായി പ്രദേശത്താകെ നാല് കൂടുകളാണ് സ്ഥാപിച്ചിരുന്നത്. അതിൽ മൂന്നാമത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത് (The tiger that terrorized the residential area was finally trapped).
ഇന്ന് രാവിലെ ക്യാമറ പരിശോധിക്കാനെത്തിയ വനപാലകരാണ് കടുവ കൂട്ടിലായത് കണ്ടത്. കടുവക്ക് അധികം പ്രായമില്ലെന്നാണ് വനംവകുപ്പ് അധികൃതര്‍ നല്‍കുന്ന വിവരം. കടുവയെ കുപ്പാടിയിലെ കടുവാ പരിചരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. കടുവക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്നതടക്കം വനംവകുപ്പ് അധികൃതര്‍ പരിശോധിക്കും. കടുവയുടെ ആരോഗ്യം, ഇരതേടാനുള്ള കഴിവ് എന്നിവ പരിശോധിച്ച ശേഷമാവും കടുവയെ എങ്ങോട്ടാണ് മാറ്റുക എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
രണ്ടുമാസമായി ജനവാസ മേഖലയിൽ കടുവയുടെ ആക്രമണം തുടരുകയാണ്. രണ്ടാഴ്ചക്കിടെ അഞ്ച് വളർത്തുമൃഗങ്ങളെയും കടുവ കൊന്നിരുന്നു. കെട്ടിയിട്ട വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൂടുതലും ആക്രമിച്ചിരുന്നത്.
മുള്ളൻകൊല്ലി കാക്കനാട്ട് തോമസിന്‍റെ ഒരു വയസ്സ് പ്രായമുള്ള പശുകിടാവിനെയാണ് ഞായറാഴ്ച പുലർച്ചെ കൊന്നത്. കിടാവിന്‍റെ ജഢം പാതി ഭക്ഷിച്ച നിലയിൽ കൂടിനോട് 200 മീറ്റർ മാറി കണ്ടെത്തുകയായിരുന്നു. രാവിലെ ആറിന് പള്ളിയിൽ പോകുന്നവരും കടുവ റോഡ് മുറിച്ചുകടക്കുന്നത് കണ്ടിരുന്നു.
കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കിയിരുന്നു. ഇതിനിടെയാണ് കടുവ കൂട്ടിലായത്.