കോഴിക്കോട്:കള്ളനോട്ട് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മുന്‍ അധ്യാപകൻ 1738000 രൂപയുടെ കള്ളനോട്ടുമായി വീണ്ടും പിടിയിൽ. ഒരു മാസം മുമ്പ് ജാമ്യത്തിൽ ഇറങ്ങിയ ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമിനെയാണ് ഇന്നു (നവംബർ 1) പുലർച്ചെ പുതുപ്പാടി മലപ്പുറത്തുള്ള വീട്ടിൽ വെച്ച് പിടികൂടിയത്.
ഈ വർഷം ജൂൺ മാസത്തിൽ കോഴിക്കോട് നരിക്കുനി മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ കള്ളനോട്ടുകൾ കൈമാറ്റം ചെയ്‌ത കേസിലെ മുഖ്യ പ്രതിയാണ് ഇയാള്‍. പിടിയിലായ ഹിഷാം എൺപത് ദിവസത്തോളം റിമാന്‍റിലായിരുന്നു. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വീണ്ടും കള്ളനോട്ട് വിതരണത്തിൽ സജീവമാവുക ആയിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കോഴിക്കോട് റൂറൽ എസ്‌പി പി നിധിൻ രാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനക്കിടെ എസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ബാംഗ്ലൂരിലും ഹൊസൂരിലും ഹിഷാം ഫ്ലാറ്റുകൾ വാടകക്കെടുത്ത് പ്രിന്‍ററുകളും സ്‌കാനറുകളും ഫോട്ടോസ്‌റ്റാറ്റ് മെഷിനും മറ്റു സാമഗ്രികളും ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപയുടെ കള്ള നോട്ടുകളാണ് നിർമ്മിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.