എറണാകുളം: പെരുമ്പാവൂർ വട്ടക്കാട്ട്പടിയിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഒഡീഷ സ്വദേശി ആകാശ് ഡിഗലിനെ കൊലപ്പെടുത്തിയ ഒഡീഷ സ്വദേശി അഞ്ജൻ നായിക്ക് (38) നെയാണ് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടി കൂടിയത്. കടം വാങ്ങിയ തുകയെ ചൊല്ലിയുള്ള വാക്കുതർക്കത്തെ തുടർന്നാണ് ആകാശ് ദിഗലിനെ വയറിൽ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്.
തുടർന്ന് പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഒഡീഷയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ വല്ലത്ത് നിന്നുമാണ് പിടികൂടിയത്. അഞ്ജൻ നായിക്കിൽ നിന്ന് ആകാശ് ദിഗൽ ആയിരം രൂപ കടം വാങ്ങിയിരുന്നു. ഇതിനെച്ചൊല്ലി രണ്ടു പേരും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു.