തൃശൂര്‍:തന്‍റെ ത്രാണിക്കനുസരിച്ചാണ് ലൂർദ് പള്ളിയിൽ കിരീടം നൽകിയത്, അത് തന്‍റെയും കുടുംബത്തിന്‍റേയും ഹൃദയ നേര്‍ച്ചയാണെന്നും വിവാദങ്ങള്‍ക്ക് മറുപടിയായി സുരേഷ് ഗോപി. തൃശൂരിൽ ആരോഗ്യകരമായ മത്സരമാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് സുരേഷ് ഗോപി. തൃശൂരില്‍ വിജയിച്ചാല്‍ കേന്ദ്രമന്ത്രി ആക്കുമോ എന്നത് നേതൃത്വമാണ് തീരുമാനിക്കുകയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കിരീടം നൽകിയത് തന്‍റെ ത്രാണിക്കനുസരിച്ച്, ആരോപണ പ്രത്യാരോപണങ്ങൾക്കില്ലെന്ന് സുരേഷ് ഗോപി - തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളി
തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ കിരീടം നൽകിയത് തന്‍റെയും കുടുംബത്തിന്‍റേയും ഹൃദയ നേര്‍ച്ചയായെന്ന് സുരേഷ് ഗോപി.

Published : Mar 5, 2024, 4:25 PM IST
സുരേഷ് ഗോപി തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ സമര്‍പ്പിച്ച കിരീടം ചെമ്പില്‍ സ്വര്‍ണം പൂശിയതാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇത് പരിശോധിക്കണമെന്ന് ഇടവക പ്രതിനിധി യോഗത്തിൽ കോണ്‍ഗ്രസ് കൗണ്‍സിലറടക്കം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് കഴിവിനനുസരിച്ചുള്ള കിരീടമാണ് നല്‍കിയതെന്ന സുരേഷ് ഗോപിയുടെ പ്രതികരണം.
ഇക്കഴിഞ്ഞ ജനുവരി 15 നാണ് സുരേഷ് ഗോപി ലൂർദ് കത്തീഡ്രൽ പള്ളിയിൽ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമര്‍പ്പിച്ചത്. എന്നാല്‍ 500 ഗ്രാമിലധികം ഭാരമുള്ള കിരീടം ചെമ്പില്‍ സ്വര്‍ണ്ണം പൂശിയാണ് നിര്‍മ്മിച്ചതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതോടെ ഇടവക പ്രതിനിധി യോഗത്തിൽ ഒരു വിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യാവസ്ഥ അറിയണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് പള്ളി വികാരിയേയും ട്രസ്‌റ്റിയേയും കൈകാരന്മാരേയും ചേര്‍ത്ത് കമ്മിറ്റി രൂപീകരിച്ചത്. എന്നാല്‍ നേര്‍ച്ച വസ്‌തുക്കളുടെ മൂല്യ നിര്‍ണയം നടത്തുന്നത് സഭയുടെ കീഴ്‌വഴക്കമല്ലെന്ന് ഇടവക ഭരണസമിതി പിന്നീട് പ്രഖ്യാപിച്ചിരുന്നു.