കേരളം

kerala

ETV Bharat / state

സബ്‌സിഡി ഉത്‌പന്നങ്ങള്‍ക്കും വിലകൂടി; സപ്ലൈകോയിലും രക്ഷയില്ല, വിലവിവരപ്പട്ടിക കാണാം - SUBSIDIZED GOODS PRICE INCREASED

പൊതുവിപണിക്ക് അനുസരിച്ച് സപ്ലൈകോ നിരക്കും മേലോട്ട്. അരി, പച്ചരി, വെളിച്ചെണ്ണ, വന്‍പയര്‍ എന്നീ സാധനങ്ങള്‍ക്ക് വില വര്‍ധിച്ചു. വില വിവരങ്ങളെ കുറിച്ച് വിശദമായറിയാം.

SUPPLYCO RATE HIKE  SUPPLYCO RISE PRICE SUBSIDIZEDGOODS  സപ്ലൈകോ വില വര്‍ധന  LATEST NEWS IN MALAYALAM
Supplyco (ETV Bharat)

By ETV Bharat Kerala Team

Published : Dec 5, 2024, 3:14 PM IST

കോഴിക്കോട്:നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിക്കില്ലെന്ന സർക്കാരിന്‍റെ ഉറപ്പ് വീണ്ടും ലംഘിക്കപ്പെടുന്നു. സാധാരണക്കാരന്‍റെ ആശ്രയമായ സപ്ലെെകോയിലാണ് സർക്കാരിന്‍റെ ഇരുട്ടടി. നിത്യോപയോഗ സാധനങ്ങളായ അരി അടക്കമുള്ള സബ്‌സിഡി ഉത്‌പന്നങ്ങള്‍ക്കാണ് വില കുത്തനെ വർധിപ്പിച്ചത്.

അരി, പച്ചരി, വെളിച്ചെണ്ണ, വന്‍പയര്‍ എന്നീ സബ്‌സിഡി സാധനങ്ങള്‍ക്കാണ് നിലവിൽ വില കൂട്ടിയത്. വെളിച്ചെണ്ണ ലിറ്ററിന് 20 രൂപയാണ് വർധിപ്പിച്ചത്. തേങ്ങ വില ഒരാഴ്‌ച റെക്കോർഡിൽ എത്തിയിരുന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. തേങ്ങ വില വർധനവ് ചൂണ്ടിക്കാട്ടിയാണ് വെളിച്ചെണ്ണ വില കുത്തനെ കൂട്ടിയത്. എന്നാൽ തേങ്ങ വില കുറഞ്ഞാലും വെളിച്ചെണ്ണ വില അതേപടി തുടരും എന്നതാണ് ഉപഭോക്താക്കൾ ചൂണ്ടിക്കാണിക്കുന്നത്.

ജയ അരിക്ക് നാല് രൂപയും പച്ചരിക്ക് മൂന്ന് രൂപയുമാണ് കൂട്ടിയത്. വന്‍പയറിന് നാല് രൂപയും വർധിപ്പിച്ചു. ജയ അരിക്ക് മുമ്പ് കിലോയ്ക്ക് 29 രൂപയായിരുന്നു. അതാണ്‌ 33 രൂപയായി വർധിച്ചത്. 26 രൂപയുണ്ടായിരുന്ന പച്ചരിക്ക് 29 രൂപയായി. കിലോയ്ക്ക് 75 രൂപയുണ്ടായിരുന്ന വന്‍പയര്‍ ഇനി വാങ്ങുമ്പോള്‍ 79 രൂപ നല്‍കണം.

സബ്‌സിഡി സാധനങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ് സപ്ലൈകോയില്‍ നിലവിലുള്ളത്. അപ്പോഴാണ്‌ വില വര്‍ധനയിലൂടെയുള്ള ഇരുട്ടടി. മൂന്ന് മാസം മുമ്പും അവശ്യ സാധനങ്ങളുടെ വില സപ്ലെെകോ കൂട്ടിയിരുന്നു. കുറുവ, മട്ട അരികളുടെ വിലയാണ് മൂന്ന് മാസം മുമ്പ് വര്‍ധിപ്പിച്ചത്. നിലവില്‍ കിലോയ്ക്ക് 33 രൂപയാണ് ഇവയുടെ സബ്‌സിഡി വില. അതൊന്നും കണക്കിലെടുക്കാതെയാണ് വീണ്ടും കുത്തനെയുള്ള വിലക്കയറ്റം.

Supplyco Goods Price (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പൊതുവിപണിയില്‍ വില കൂടി എന്ന വിശദീകരണമാണ് സപ്ലൈകോ അധികൃതർ പറയുന്നത്. 'ഹെഡ്‌ ഓഫിസിൽ നിന്നും മാറിവരുന്ന വില സിസ്‌റ്റത്തിൽ അപ്ഡേറ്റാകും. അതനുസരിച്ച് നാല് ഉത്പങ്ങളുടെ വിലയാണ് വർധിച്ചത്. സബ്‌സിഡിയുള്ള 13 ഇനങ്ങളിൽ അരിയുടെ വില നേരത്തേ വർധിച്ചതാണ്. പൊതു വിപണിയിൽ വില വർധിക്കുന്നതിനനുസരിച്ച് ഇനിയും വിലയിൽ മാറ്റം വരാം' എന്ന് സപ്ലെെകോ സൂപ്പർ മാർക്കറ്റ് മാനേജർ പറഞ്ഞു.

ആദ്യം നിയന്ത്രിക്കേണ്ടത് പൊതുവിപണിയിലെ വില വർധനവാണെന്നും അതിന് സർക്കാർ തയ്യാറാവണമെന്നും ഉപഭോക്താവായ സുധാകരൻ പറഞ്ഞു. ജനങ്ങളെ മാക്‌സിമം പൊറുതി മുട്ടിക്കുക എന്നതാണ് സർക്കാരിനെ കൊണ്ടുള്ള ഗുണമെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ച് നിർത്താൻ 1974ൽ ആരംഭിച്ച സപ്ലൈകോ അവരുടെ ഉദ്ദേശം കൂടി മറന്നിരിക്കുന്നു. വിപണി വില ഉയരാതിരിക്കാന്‍ വിപണിയില്‍ ഇടപെടേണ്ടവരാണ് അരിക്ക് ഉള്‍പ്പെടെ വില കൂട്ടി ജനങ്ങളെ പിഴിയുന്നത്.

വിലവിവര പട്ടിക:

ഉത്‌പന്നം (കിലോ) നിലവിലെ വില പുതുക്കിയ വില വര്‍ധനവ്
ചെറുപയര്‍ 90 രൂപ സ്‌റ്റോക്കില്ല -------
ഉഴുന്ന് 95 രൂപ സ്‌റ്റോക്കില്ല -------
വന്‍ കടല 69 രൂപ സ്‌റ്റോക്കില്ല -------
വന്‍ പയര്‍ 75 രൂപ 79 രൂപ 4 രൂപ
തുവര പരിപ്പ് 115 രൂപ 115 രൂപ -------
മുളക്‌ (500g) 73 രൂപ 73 രൂപ -------
മല്ലി (500g) 39 രൂപ 39 രൂപ -------
പഞ്ചസാര 33 രൂപ 33 രൂപ -------
വെളിച്ചെണ്ണ (അര ലിറ്റര്‍) 90 രൂപ 110 രൂപ 20 രൂപ
ജയ അരി 29 രൂപ 33 രൂപ 4 രൂപ
കുറുവ അരി 33 രൂപ 33 രൂപ -------
മട്ട അരി 33 രൂപ 33 രൂപ 6 രൂപ
പച്ചരി 26 രൂപ 29 രൂപ 3 രൂപ

സപ്ലൈകോയിൽ 500 ഗ്രാം വൻപയർ സബ്‌സിഡിയായി 41.50 രൂപയ്‌ക്കാണ് ലഭിക്കുന്നത്, സബ്‌സിഡി ഇല്ലാതെ 54.08 ആണ് വൻപയറിന്‍റെ വില. തുവര പരിപ്പിന്‍റെ സബ്‌സിഡി വില 119 രൂപയാണ്. സബ്‌സിഡി ഇല്ലാതെ 159.60 രൂപയ്‌ക്കാണ് തുവര പരിപ്പ് ലഭിക്കുക. ജയ അരിയുടെയും കുറുവ അരിയുടേയും സബ്‌സിഡി വില 33 രൂപയാണ് . സബ്‌സിഡി ഇല്ലാതെ 44 രൂപയ്‌ക്കാണ് അരി ലഭിക്കുക.

500 ഗ്രാം മുളകിന് 78.76 രൂപയാണ് സബ്‌സിഡി വില. എന്നാല്‍ സബ്‌സിഡിയില്ലാതെ 83.60 രൂപയാണ്. അതേസമയം മല്ലിക്ക് 500 ഗ്രാമിന് 43.04 രൂപയും സബ്‌സിഡിയില്ലാതെ 59.11 രൂപയുമാണ് വില. പഞ്ചസാരയ്‌ക്ക് സബ്‌സിഡി വില 36.76 രൂപയും സബ്‌സിഡിയില്ലാതെ 45.10 രൂപയുമാണ്. ജയ അരിക്ക് സബ്‌സിഡി വില 33 രൂപയും സബ്‌സിഡിയില്ലാതെ 44 രൂപയുമാണ് വില. അതേസമയം മഞ്ഞ കുറുവ അരിക്ക് സബ്‌സിഡി വില 33 രൂപയും സബ്‌സിഡിയില്ലാതെ 44.50 രൂപയുമാണ് വില.

ഇത് മാവേലി സ്‌റ്റോറിലെ വിലയാണ്. സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ജിഎസ്‌ടിയും പാക്കിങ് ചാർജും കൂടി ഉൾപ്പെടുമ്പോൾ 2 മുതൽ 4 രൂപ വരെ വില കൂടും.

Also Read:ഓണവിപണി പൊടിപൊടിച്ച് സപ്ലൈകോ; വിറ്റുവരവ് 123.56 കോടി

ABOUT THE AUTHOR

...view details