കേരളം

kerala

ETV Bharat / state

ഭക്തരെ വരവേറ്റ് തൃക്കൈപ്പറ്റയിലെ മഹാക്ഷേത്രം: നിര്‍മാണം ചെങ്കല്ലിലും കൃഷ്‌ണ ശിലയിലും, നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള മാതൃക - Subrahmanya Temple Kozhikode

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മണ്‍മറഞ്ഞ സുബ്രഹ്മണ്യ ക്ഷേത്രത്തിന്‍റെ ശ്രീകോവില്‍ നിര്‍മാണം പൂര്‍ത്തിയായി. വിഗ്രഹ പ്രതിഷ്‌ഠയും കലശാഭിഷേകവും കഴിഞ്ഞ ക്ഷേത്രത്തിലേക്ക് ഭക്തര്‍ എത്തിതുടങ്ങി. സംസ്ഥാനത്തെ ഏറ്റവും വലിയ ശ്രീകോവില്‍ ക്ഷേത്രത്തിലേത്. നിര്‍മാണം നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള അതേ രീതിയില്‍.

SUBRAHMANYA TEMPLE CONSTRUCTION  SUBRAHMANYA TEMPLE PONNAMKODUKUNNU  തൃക്കൈപ്പറ്റ ക്ഷേത്രം  സുബ്രഹ്മണ്യ ക്ഷേത്രം കോഴിക്കോട്
Subrahmanya Temple (ETV Bharat)

By ETV Bharat Kerala Team

Published : May 27, 2024, 4:09 PM IST

തൃക്കൈപ്പറ്റയിലെ മഹാക്ഷേത്രം (ETV Bharat)

കോഴിക്കോട്:പച്ച മേലാപ്പണിഞ്ഞ പൊന്നങ്കോടുകുന്ന് ഏറെ പ്രകൃതി രമണീയമാണ്. കുന്നിന് മുകളില്‍ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് മനോഹരമായ സുബ്രഹ്മണ്യ ക്ഷേത്രം ഉയര്‍ന്നു. ശ്രീകോവിലിന്‍റെ നിര്‍മാണം പൂര്‍ത്തിയായ ക്ഷേത്രത്തില്‍ മെയ്‌ 23നാണ് വിഗ്രഹ പ്രതിഷ്‌ഠയും കലശാഭിഷേകവും നടന്നു.

സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ശ്രീകോവിലാണ് തൃക്കൈപ്പറ്റയിലെ ഈ ക്ഷേത്രത്തിലേത്. 1500 വര്‍ഷം പഴക്കമുള്ളതാണ് ക്ഷേത്രം. എന്നാല്‍ ഏതാണ്ട് ഏഴ്‌ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവയെല്ലാം നശിച്ചിരുന്നു. 1994 ലാണ് തകര്‍ന്ന നിലയില്‍ ഇവിടെ വിഗ്രഹം കണ്ടെത്തിയത്. തുടര്‍ന്നാണ് സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കാന്‍ തീരുമാനിച്ചത്. 2009ലാണ് ക്ഷേത്രത്തിന്‍റെ നിര്‍മാണത്തിന് തുടക്കം കുറിച്ചത്.

18 മീറ്റർ ഉയരവും 51.12 മീറ്റർ ചുറ്റളവുമുള്ളതാണ് ശ്രീകോവില്‍. ക്ഷേത്രത്തിലെ സുബ്രഹ്മണ്യ വിഗ്രഹത്തിന് ഏഴരയടി ഉയരമുണ്ട്. ഇവകള്‍ക്കെല്ലാം ഒപ്പം കൂടത്തിൽ ചേർന്നൊന്നിക്കുന്ന 72 കഴുക്കോലുകളുമുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന ക്ഷേത്രം അതേ രീതിയില്‍ തന്നെയാണ് പുനര്‍ നിര്‍മിച്ചിരിക്കുന്നത്.

സിമന്‍റ് ഒട്ടും ഉപയോഗിക്കാതെയാണ് ക്ഷേത്രത്തിന്‍റെ ചുമരുകളുടെയും മറ്റും നിര്‍മാണം. സിമന്‍റിന് പകരം വെള്ളക്കുമ്മായം, കുളിര്‍മാവിന്‍ തോല്‍ എന്നിവയാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ ചെങ്കല്ലും കൃഷ്‌ണ ശിലയുമാണ് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ള പ്രധാന വസ്‌തുക്കള്‍.

ശ്രീകോവിലിന്‍റെ നിര്‍മാണം പൂര്‍ണമായെങ്കിലും ക്ഷേത്രത്തില്‍ ഏതാനും ചില നിര്‍മാണ പ്രവര്‍ത്തികള്‍ ഇപ്പോഴും തുടരുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ കൊണ്ട് അവയെല്ലാം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. നിര്‍മാണം പൂര്‍ത്തീകരിക്കും മുമ്പ് തന്നെ സുബ്രഹ്മണ്യന്‍റെ അനുഗ്രഹം തേടി ക്ഷേത്രത്തില്‍ ഭക്തര്‍ എത്തിതുടങ്ങിയിട്ടുണ്ട്. പൊന്നങ്കോടുകുന്നിലെ കാഴ്‌ച ആസ്വദിക്കാനെത്തുന്നവര്‍ക്ക് ഇനി ദേവന്‍റെ അനുഗ്രഹവും വാങ്ങി മടങ്ങാം.

Also Read:കട്ടപ്പനയിലെ ശ്രീനാരായണ ഗുരുദേവ കീർത്തി സ്‌തംഭത്തിന് ലോക റെക്കോർഡ്

ABOUT THE AUTHOR

...view details