എറണാകുളം: കേരളത്തിലെ സീപ്ലെയിൻ പദ്ധതിയാണ് ഇപ്പോള്‍ സംസാര വിഷയം. സീപ്ലെയിൻ ആനയെ പേടിപ്പിക്കുമോ?. കേരളത്തിലെ ആദ്യ സീപ്ലെയിൻ പദ്ധതിയെ പൂട്ടിച്ചതാര്?. ഇങ്ങനെ തുടങ്ങി പദ്ധതി നടപ്പാക്കുന്നതിനുള്ള വെല്ലുവിളികളും ചര്‍ച്ച ചെയ്യപ്പെടുകയാണ്.
കേരളത്തിലാദ്യമായി സീപ്ലെയിൻ എത്തിച്ച ക്യാപ്റ്റൻ സൂരജ് ജോസിന് പറയാനുള്ളത് സീ പ്ലെയിൻ സംരഭത്തിൻ്റെ കഥയാണ്. ഒരു പതിറ്റാണ്ട് മുമ്പ് അമേരിക്കയിൽ നിന്ന് കേരളത്തിലേക്ക് സീപ്ലെയിൻ പറത്തി വന്ന കൊച്ചി സ്വദേശിയാണ് ക്യാപ്റ്റൻ സൂരജ്. സീപ്ലെയിൻ പദ്ധതിക്ക് വീണ്ടും ചിറക് മുളക്കുമ്പോൾ താൻ നേരിട്ട തിക്താനുഭവങ്ങൾ ഒർമ്മിക്കുകയാണ് അദ്ദേഹം.
വ്യോമായന മേഖലയിൽ പൈലറ്റും പരിശീലകനുമായി മൂന്ന് പതിറ്റാണ്ടിലേറെയായി ക്യാപ്റ്റൻ സൂരജ് സജീവമാണ്. പതിനഞ്ച് വർഷം മുമ്പ് ആന്തമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളെ ബന്ധിപ്പിച്ച് സീപ്ലെയിൻ സർവീസ് കേന്ദ്ര സർക്കാർ ആരംഭിച്ചപ്പോൾ പ്രധാന ചുമതല വഹിച്ചതും ക്യാപ്റ്റൻ സൂരജ് ജോസായിരുന്നു. കേവലം ആറുമാസം കൊണ്ടായിരുന്നു പദ്ധതി അദ്ദേഹവും സഹപ്രവർത്തകരും ചേർന്ന് യാഥാർഥ്യമാക്കിയത്.
ക്യാപ്റ്റൻ സൂരജ് മൂന്ന് വർഷം ആന്തമാനിൽ സീപ്ലെയിൻ പറത്തി. ഇതിനിടെയായിരുന്നു എന്ത് കൊണ്ട് കേരളത്തിൽ സീപ്ലെയിൻ പദ്ധതി നടപ്പിലാക്കി കൂടായെന്ന് ചിന്തിച്ച് തുടങ്ങിയത്. ഇതിനിടെ പദ്ധതിക്ക് പ്രാഥമികമായ അനുമതി നേടി. കമ്പനി തുടങ്ങാൻ സിവിൽ എവിയേഷൻ മിനിസ്ട്രിയിൽൽ നിന്നും എൻഒസിയും ലഭിച്ചു. ഇതിൻ്റെ തുടർച്ചയായാണ് ക്യാപ്റ്റൻ സൂരജ് ജോസും സുഹൃത്തായ ക്യാപ്റ്റൻ സുധീഷ് ജോർജും മറ്റു നാല് നിക്ഷേപകരും ചേർന്ന് 2012-ൽ കൊച്ചി ആസ്ഥാനമായി സീബേർഡ് സീപ്ലെയ്ൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ചത്. കേരളത്തിൽ നിന്നും ആദ്യമായി സീപ്ലെയിൻ സർവീസ് ആരംഭിക്കാൻ ഇറങ്ങി പുറപ്പെട്ടത് വേദന നിറഞ്ഞ അനുഭവമായിരുന്നുവെന്ന് ക്യാപ്റ്റൻ സൂരജ് ജോസ് ഇടിവി ഭാരതിനോട് പറഞ്ഞു.
വലിയ പ്രതീക്ഷയോടെയായിരുന്നു ഇത്തരമാരു പദ്ധതിയുമായി ഇറങ്ങിത്തിരിച്ചത്. ആന്തമാനിൽ സീപ്ലെയിൻ പറത്തിയ അനുഭവ സമ്പത്തുമായാണ് കേരളത്തിൽ നിന്നും ലക്ഷദ്വീപിലേക്ക് സീപ്ലെയിൻ പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്നു കരുതി രംഗത്തിറങ്ങിയത്. പദ്ധതി പ്രധാനമായും ലക്ഷദ്വീപിൽ നിന്നുള്ള യാത്രക്കാരെയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കേരള മാർക്കറ്റും ഭാവിയിൽ പ്രതീക്ഷിച്ചു.
കേരളത്തിലേക്ക് സീപ്ലെയിൻ ഇറക്കുമതി ചെയ്യാനുള്ള അനുമതി ലഭിച്ചതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് സീപ്ലെയിൻ കേരളത്തിലെത്തിച്ചു. ക്യാപ്റ്റൻ സൂരജ് ജോസും ക്യാപ്റ്റൻ സുധീഷ് ജോർജും അമേരിക്കയിൽ നിന്നും കൊച്ചിയിലേക്ക് പറത്തുകയായിരുന്നു. തുടർന്ന് സീപ്ലെയിന് രജിസ്ട്രേഷനും ലഭിച്ചു.
പുതിയ എയർക്രാഫ്റ്റ് ആയതിനാൽ പൈലറ്റ്, എഞ്ചിനീയർ, ഡിജിസിഎ ഒഫ്ഷ്യൽസിനെയും പരിശീലിപ്പിച്ചു. തൊണ്ണൂറ്റിയൊമ്പത് ശതമാനം അനുമതിയും ലഭിച്ചു. എന്നാൽ കൊമേഷ്യൽ ഓപ്പറേഷനുള്ള അനുമതി ലഭിച്ചില്ല. ഒരോരോ കാരണം പറഞ്ഞ് അനുമതി നീണ്ടു പോയതോടെയാണ് സ്വപ്‌ന പദ്ധതിയിൽ നിന്നും പിന്മാറിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒരു പരിധി കഴിഞ്ഞതോടെ സാമ്പത്തികമായി പിടിച്ച് നിൽക്കാൻ കഴിയാതെ വന്നതോടെയാണ് കമ്പനി തന്നെ അടച്ചുപൂട്ടേണ്ടി വന്നതെന്നും ക്യാപ്റ്റൻ സൂരജ് ജോസ് വ്യക്തമാക്കി. പത്ത് വർഷം മുമ്പ് 15 കോടിയോളം രൂപയ്ക്കായിരുന്നു യുഎസ് ആസ്ഥാനമായ ക്വസ്റ്റ് എന്ന കമ്പനിയിൽ നിന്ന് കോഡിയാക് 100 ശ്രേണിയിലെ നയന്‍സീറ്റർ വിമാനം വാങ്ങിയത്. പദ്ധതിയിൽ നിന്നും പിന്മാറേണ്ടി വന്നതോടെ സാമ്പത്തികമായി വലിയ നഷ്‌ടമാണ് നിക്ഷേപകരായ എല്ലാവർക്കും സംഭവിച്ചത്. എന്നാൽ അന്ന് തങ്ങൾ നടപ്പിലാക്കാൻ ഇറങ്ങി തിരിച്ച് കൈപൊള്ളിയ പദ്ധതി ഇന്ത്യ മുഴുവൻ തുടങ്ങാൻ പോകുന്നുവെന്ന് അറിയുന്നതിൽ ക്യാപ്റ്റൻ സൂരജ് ജോസിന് സന്തോഷമേയുള്ളൂ.
സീപ്ലെയിൻ സംബന്ധിച്ച് വ്യക്തമായ നിയമങ്ങളില്ലാത്തതായിരുന്നു കേരളത്തിലെ ആദ്യ സീപ്ലെയിൻ പദ്ധതിയുടെ ചിറകരിഞ്ഞത്. ഡിജിസിഎ സാധാരണ വലിയ വിമാനങ്ങൾക്ക് ബാധകമായ നിയമങ്ങൾ സീ പ്ലെയിനിന് മേൽ അടിച്ചേല്‍പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് സീപ്ലെയിൻ ലക്ഷദ്വീപിലെ വാട്ടർ ഡ്രോമിൽ ഇറക്കാനുള അനുമതി ലഭിക്കാതെ പോയത്.