കണ്ണൂർ:കേരളത്തിൻ്റെ കായിക മേഖലയെ ഉയർത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും പുതിയ കായിക നയം രൂപീകരിക്കുമ്പോഴും സംസ്ഥാനത്തെ യുവ കായികതാരങ്ങളുടെ നിലവിലെ അവസ്ഥ എന്താണ്...? കുതിക്കാൻ ഒരുങ്ങിയ പലരും കിതയ്ക്കുകയാണ്. കണ്ണൂർ ജില്ലയിലെ പഴശ്ശിരാജ എൻഎസ് കോളജ് മട്ടന്നൂർ, പയ്യന്നൂർ കോളജ്, കൃഷ്‌ണ മേനോൻ സ്‌മാരക വനിത കോളജ്, എസ്എൻ കോളജ് എന്നിവിടങ്ങളിലായി നാല് സ്പോർട്‌സ് ഹോസ്റ്റലുകളാണുള്ളത്.
ഈ അധ്യയന വർഷം തുടങ്ങി അഞ്ച് മാസമായിട്ടും നാല് ഹോസ്റ്റലുകളിലും ഉള്ള താരങ്ങൾക്ക് ഇതുവരെ ഒരു രൂപ പോലും അലവൻസ് ആയി ലഭിച്ചിട്ടില്ല എന്നത് കായിക കേരളത്തിൻ്റെ ട്രാക്ക് മാറി ഓടുന്ന കാഴ്‌ചയാണ്. ഇത് തന്നെയാണ് സംസ്ഥാനത്തെ ഒട്ടുമിക്ക ഹോസ്റ്റലുകളുടെയും അവസ്ഥ. കണ്ണൂർ ജില്ലയിലെ നാളെയുടെ വാഗ്‌ദാനങ്ങളുടെ പരാതി മാസങ്ങളേറെയായിട്ടും സർക്കാർ കേട്ടിട്ടില്ല എന്നതാണ് സത്യം. സ്പോർട്‌സ് കൗൺസിലുകൾക്ക് കീഴിലുള്ള സ്പോർട്‌സ് ഹോസ്റ്റലുകളിൽ താമസിക്കുന്ന കായികതാരങ്ങളുടെ മെസ് അലവൻസാണ് എട്ടുമാസത്തോളമായി മുടങ്ങിയിരിക്കുന്നത്.
അധ്യാപകരുടെയും മാനേജ്മെൻ്റ് പിടിഎയുടെയും എല്ലാം കനിവോടെയാണ് ഇവർക്കായുള്ള ഭക്ഷണത്തിനായി തുക ഇപ്പോൾ കണ്ടെത്തുന്നത്. സ്പോർട്‌സ് കൗൺസിൽ ബിൽ സമർപ്പിച്ചിട്ടുണ്ടെന്ന മറുപടിയാണ് സ്‌പോർട് കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് യു ഷറഫലി പറയുന്നത്. സാമ്പത്തിക വകുപ്പിൻ്റെ ഫയലിലാണ്. തുക അനുവദിച്ച് കിട്ടുന്ന മുറയ്ക്ക് അലവൻസ് വിതരണം ചെയ്യും. പത്ത് ദിവസത്തിനുള്ളിൽ അലവൻസ് വിതരണം ചെയ്യാനാകുമെന്നാണ് കരുതുന്നത്. ഇത് വിശ്വസിക്കാതെ മറ്റൊരു വഴിയില്ല. ഒരു കായികതാരത്തിന് ദിവസം 250 രൂപ വീതമാണ് മാസത്തിൽ അനുവദിക്കാറുണ്ടായിരുന്നത്.