തിരുവനന്തപുരം:എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍. സംസ്ഥാന പൊലീസ് മേധാവി ഷെയ്‌ക് ദർവേഷ് സാഹിബിനാണ് ഉന്നതതല അന്വേഷണ സംഘത്തിന്‍റെ ചുമതല. എഡിജിപിക്കെതിരായ അന്വേഷണത്തിനായി താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജി സ്‌പർജൻ കുമാർ (ഐജിപി, സൗത്ത് സോൺ & സിപി, തിരുവനന്തപുരം സിറ്റി), തോംസൺ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ് മധുസൂദനൻ (എസ്‌പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്‌പി, എസ്എസ്‌ബി ഇന്‍റലിജൻസ്, തിരുവനന്തപുരം) എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍. ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. മാത്രമല്ല ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് അന്വേഷണ സംഘത്തോട് മുഖ്യമന്ത്രി നിർദേശം നൽകിയത്.