കാസർകോട്: ബേക്കലില്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍. പള്ളിക്കര സ്വദേശി പ്രമോദിനെയാണ് (37) പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പിതാവ് അപ്പകുഞ്ഞിയാണ് (67) മരിച്ചത്. ഇന്ന് (ഏപ്രില്‍ 1) വൈകീട്ട് 7 മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം.
വീട്ടില്‍ വച്ച് നിരന്തരം മകന്‍ വഴക്കുണ്ടാകുന്നത് പൊലീസില്‍ പരാതിപ്പെട്ടതിലെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പരാതി നല്‍കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസവും ഇരുവരും വാക്കേറ്റമുണ്ടായിരുന്നു. ഇന്ന് (ഏപ്രില്‍ 1) വൈകിട്ട് വീട്ടിലെത്തിയ പ്രമോദ് വീണ്ടും ഇക്കാര്യം പറഞ്ഞ് ബഹളമുണ്ടാക്കുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്‌തു. ഇതിനിടെ രോഷാകുലനായ പ്രമോദ് കമ്പിവടി കൊണ്ട് പിതാവിന്‍റെ തലയ്‌ക്കടിക്കുകയായിരുന്നു.