കണ്ണൂർ: ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂർ സ്വദേശിനി ചിത്രലേഖ അന്തരിച്ചു. 48 വയസായിരുന്നു. പാൻക്രിയാസിലെ അർബുദ ബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാളെ (ഒക്‌ടോബർ 07) 9 മണിയോടെ വീട്ടിലെത്തിക്കും. സംസ്‌കാരം നാളെ രാവിലെ 10.30 ന് പയ്യാമ്പലത്ത് നടക്കും.
സിപിഎം ശക്തികേന്ദ്രത്തിൽ ജാതിവിവേചനത്തിനെതിരെ നടത്തിയ നിരന്തര സമരങ്ങളിലൂടെയാണ് ചിത്രലേഖ ശ്രദ്ധേയയായത്. 2004 ൽ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുവുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. 2005 ലും 2023 ലും ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടിരുന്നു. പാർട്ടി ഗ്രാമമായ പയ്യന്നൂർ എടാട്ട് താമസിക്കാനോ തൊഴിലെടുക്കാനോ കഴിയാതെ വന്നപ്പോൾ കണ്ണൂർ കലക്‌ടറേറ്റിനു മുൻപിലും പിന്നീട് സെക്രട്ടറിയേറ്റിനു മുൻപിലും ആഴ്‌ചകളോളം സമരം നടത്തിയാണ് ചിത്രലേഖ വാർത്തയിൽ ഇടം നേടിയത്.