കൽപ്പറ്റ: ചുണ്ടേലിൽ ഥാർ ജീപ്പിടിച്ച് ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരൻമാരായ പ്രതികളെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്‌തു. ചുണ്ടേൽ കാപ്പം കുന്ന് സ്വദേശി നവാസാണ് കൊല്ലപ്പെട്ടത്. ഥാർ ജീപ്പ് ഓടിച്ച സുമിൻഷാദ്, സഹോദരൻ സുജിൻഷാദ് എന്നിവരാണ് അറസ്റ്റിലായത്. നവാസിനോടുള്ള വ്യക്തി വൈരാഗ്യം മൂലമായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
കുറച്ച് കാലമായി നവാസിനോട് പ്രതികൾക്ക് വ്യക്തി വൈരാഗ്യമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഇവരുടെ ഹോട്ടലിന് മുന്നിൽ ആഭിചാരക്രിയ നടത്തിയത് നവാസാണെന്ന് ഉറപ്പിച്ചാണ് നവാസിനെ അപകടപ്പെടുത്താൻ പെട്ടെന്ന് ഇവർ തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞു. കോഴിത്തലയിൽ കൂടോത്രം ചെയ്യുന്ന സിസിടിവി ദൃശ്യം കണ്ടതിലാണ് പ്രതികൾക്ക് നവാസിനോട് വൈരാഗ്യം കൂടാൻ കാരണമായത്. സുബിൻഷാദിൻ്റെയും നവാസിൻ്റെയും കടകൾ റോഡിന് ഇരുവശമായാണ് സ്ഥിതിചെയ്യുന്നത്.
കൽപ്പറ്റ ഡിവൈഎസ്‌പി ബിജുരാജ് മാധ്യമങ്ങളോട്. (ETV Bharat) പ്രതികളുടെ മൊഴിയുടേയും സിസിടിവിയടക്കമുള്ള മറ്റ് തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അപകടം കരുതികൂട്ടിയുള്ള കൊലപാതകമാണെന്ന് വ്യക്തമായതെന്ന് കൽപ്പറ്റ ഡിവൈഎസ്‌പി ബിജുരാജ് പറഞ്ഞു. ഓട്ടോറിക്ഷയിൽ നവാസ് കയറി പോകുന്ന കാര്യം സുജിൻഷാദ് സഹോദരനായ സുമിൻഷാദിനെ ഫോണിൽ വിളിച്ചറിയിക്കുകയും റോഡരികിൽ വാഹനത്തിൽ കാത്തിരിക്കുകയായിരുന്ന സുമിൻഷാദ് അമിത വേഗത്തിലെത്തി ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തിങ്കളാഴ്‌ച (ഡിസംബർ 2) രാവിലെ എട്ടരയോടെ ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ വെച്ചായിരുന്നു നവാസിന്‍റെ മരണത്തിന് കാരണമായ അപകടം നടന്നത്. സുമിൻഷാദ് റോഡരികിൽ ഥാറിൽ കാത്തുനിൽക്കുന്നതും പിന്നീട് ഫോൺ വന്നപ്പോൾ വേഗത്തിൽ പോകുന്നത് കണ്ടതായും സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യം വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.ഇതിനിടെ നവാസിൻ്റെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം ഇന്നലെ സുബിൻ ഷായുടെ ഹോട്ടൽ ഒരു സംഘം അടിച്ചു തകർത്തിരുന്നു. കൊലപാതകത്തിൽ കൂടുതൽ ആളുകൾ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്ന് സംബന്ധിച്ച് അന്വേഷിക്കുമെന്നും കൽപ്പറ്റ ഡിവൈഎസ്‌പി ബിജുരാജ് പറഞ്ഞു.
ഇന്നലെ തന്നെ വാഹനാപകടത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ആസൂത്രിത കൊലപാകമാണെന്ന പരാതിയുമായി നവാസിന്‍റെ ബന്ധുക്കൾ പൊലീസിനെ സമീപിച്ചിരുന്നു. നവാസും ജീപ്പ് ഓടിച്ചിരുന്ന സുബില്‍ ഷായും തമ്മിൽ വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്ന് ബന്ധുക്കള്‍ പരാതിയിൽ പറഞ്ഞിരുന്നു. ചുണ്ടേലില്‍ വച്ച് ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ നവാസ് മരിക്കുകയും ജീപ്പ് ഓടിച്ചിരുന്ന സുബില്‍ ഷാ പരിക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു.
Also Read:ഓടിക്കൊണ്ടിരിക്കെ നടുറോഡില്‍ കത്തിയമര്‍ന്ന് കാര്‍, ഡ്രൈവര്‍ ഇറങ്ങിയോടി; വീഡിയോ