കണ്ണൂര്‍: ധര്‍മ്മടം കടലോരത്ത് കഴിയുന്ന മത്സ്യ ബന്ധന തൊഴിലാളികളുടെ ദുരിതം എന്ന് തീരുമെന്ന ആശങ്കയിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ധര്‍മ്മടം കടലില്‍ കുടുങ്ങിക്കിടക്കുന്ന വിദേശ കപ്പലാണ് ഇവരുടെ അന്നം മുട്ടിക്കുന്നത്. കപ്പല്‍ പൊളിച്ചു നീക്കാനുള്ള ശ്രമം നീളുന്നതോടെ ചെറു മത്സ്യ തൊഴിലാളികള്‍ കടലിൽ ഇറങ്ങാനാകാതെ വലയുകയാണ്.
2019 ആഗസ്‌ത് മാസമാണ് മാലദ്വീപില്‍ നിന്നും എത്തിയ 'ഒയീവാലി' എന്ന കപ്പല്‍ ധര്‍മ്മടത്ത് കടലില്‍ കുടുങ്ങിയത്. അഴീക്കല്‍ സില്‍ക്കിലേക്ക് പൊളിക്കാന്‍ കൊണ്ടുവരവേ കപ്പല്‍ വലിച്ചു കൊണ്ടു വരുന്ന ടഗ്ഗിന്‍റെ വടം പൊട്ടി കടലില്‍ പെടുകയായിരുന്നു.
മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന ഈ വിദേശ കപ്പല്‍, മഴക്കാലത്ത് കൊണ്ടുവന്നത് തന്നെ നിയമ വിരുദ്ധമായിരുന്നു. കപ്പലിനകത്ത് കടല്‍ വെള്ളം കയറി രാസ പദാര്‍ഥങ്ങള്‍ കടലില്‍ ഒഴുകി എന്ന ആരോപണവും നാട്ടുകാര്‍ ഉയര്‍ത്തിയിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പ് ജില്ലാ ഭരണ കൂടവും കപ്പല്‍ പൊളിക്കുന്ന സില്‍ക്ക് കമ്പനിയും തമ്മിലുള്ള ധാരണ പ്രകാരം കപ്പലിന്‍റെ പകുതി ഭാഗങ്ങള്‍ പൊളിച്ചു നീക്കിയിരുന്നു. എന്നാല്‍ ശേഷിക്കുന്ന ഭാഗങ്ങള്‍ കടലില്‍ തന്നെ കിടക്കുന്നത് കാരണം പ്രാദേശികമായി മീന്‍ പിടിക്കുന്ന തൊഴിലാളികള്‍ക്ക് ഇതൊരു ദുരിതമായി മാറി.
അറുന്നൂറ് മാറ് നീളവും ഇരുപത് മാറ് വീതിയുമുള്ള, അറുപത് പേര്‍ ചേര്‍ന്ന് വലിക്കുന്ന വല ഉപയോഗിച്ചാണ് ഈ മേഖലയില്‍ തൊഴിലാളികള്‍ മീന്‍ പിടിക്കുന്നത്. ആഗസ്‌ത് സെപ്‌റ്റംബര്‍ മാസമാണ് ഇവര്‍ തൊഴിലിലേര്‍പ്പെടുന്നത്. പതിവായി ചെറിയ വലകളുപയോഗിച്ച് മീന്‍ പിടിക്കുന്നവര്‍ വേറെയുമുണ്ട്.