തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ അദ്ധ്യാപകരെ അവഹേളിക്കുകയും അനാദരിക്കുകയും ചെയ്‌ത സംഭവങ്ങള്‍ മുമ്പും സിപിഎമ്മിന് തലവേദന ഉയര്‍ത്തിയിട്ടുണ്ട്. പലപ്പോഴും പാര്‍ട്ടി ഇത്തരം സംഭവങ്ങളെ ന്യായീകരിക്കാനാവാതെ ബുദ്ധിമുട്ടിയിട്ടുണ്ട്. 2017 ജൂലൈയില്‍ എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പല്‍ ഡോ. എൻഎൽ ബീനയുടെ കസേരകത്തിച്ച സംഭവം ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു.
തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ അന്വേഷണ റിപ്പോർട്ടിൽ കുറ്റം പ്രിന്‍സിപ്പാളിന്‍റേതാണെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്. പറഞ്ഞത് സംഭവത്തിന്‍റെ ഉത്തരവാദിത്വം പ്രിൻസിപ്പലിനാണെന്നായിരുന്നു. പ്രിന്‍സിപ്പാളിന്‍റെ നിലപാടുകളും പ്രവൃത്തികളും പ്രകോപനമുണ്ടാക്കുന്നതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അന്വേഷണ ഉദ്യോഗസ്ഥന്‍ അവരെ ചുമതലയില്‍ നിന്ന് മാറ്റാനാണ് ശുപാര്‍ശ ചെയ്‌തത്.
നയതന്ത്ര വിദഗ്‌ധനെതിരെ അതിക്രമം
വിദേശ സര്‍വകലാശാലകള്‍ക്കും ഏജന്‍സികള്‍ക്കും കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം വാഗ്‌ദാനം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് കേരളം ആതിഥ്യമരുളിയ ആഗോളവിദ്യഭ്യാസ സംഗമത്തിനിടെ വിദേശകാര്യ നയതന്ത്ര വിദഗ്‌ധനും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന ഡോ. ടിപി ശ്രീനിവാസനെ കൈകാര്യം ചെയ്‌ത സംഭവം 2016 ജനുവരിയിലായിരുന്നു. അറിയപ്പെടുന്ന നയതന്ത്ര വിദഗ്‌ധനായ ടിപി ശ്രീനിവാസനെ എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചത് വിദേശ സര്‍വകലാശാലകള്‍ക്ക് കേരളത്തില്‍ പ്രവൃത്തിക്കാന്‍ ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു.
പരീക്ഷ ക്രമക്കേടുകളും ആള്‍മാറാട്ടങ്ങളും
എസ്എഫ്ഐക്ക് നാണക്കേടുണ്ടാക്കിയ പരീക്ഷ ക്രമക്കേടുകളും ആള്‍മാറാട്ടങ്ങളും പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കിയിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടി പിഎം ആർഷോ പരീക്ഷയെഴുതാതെ എംഎ പരീക്ഷ ജയിച്ച സംഭവം പിന്നീട് ക്ലറിക്കല്‍ പിഴവായാണ് വിശദീകരിക്കപ്പെട്ടത്. ആര്‍ക്കിയോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതാതെ പൂജ്യം മാര്‍ക്ക് നേടിയ ആര്‍ഷോ മാര്‍ക്ക് ലിസ്റ്റില്‍ പാസായെന്നായിരുന്നു രേഖപ്പെടുത്തിയത്.
ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തു വന്നത് ഗൂഢാലോചനയുടെ ഭാഗമായെന്ന് ആരോപിച്ച് ഒരു വാര്‍ത്താ ചാനലിലെ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുക്കുകയുമുണ്ടായി. ഇതേ മഹാരാജാസ് കോളജില്‍ നിന്നു തന്നെ ഗസ്റ്റ് ലക്‌ചററായി പ്രവൃത്തിച്ച പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി മറ്റൊരു എസ്എഫ്ഐ നേതാവ് അട്ടപ്പാടിയിലെ കോളജില്‍ അഭിമുഖത്തില്‍ പങ്കെടുത്തതും പിടിക്കപ്പെട്ടിരുന്നു.
പിഎസ്‌സി പരീക്ഷ തട്ടിപ്പ്
2018 ല്‍ നടന്ന പൊലീസ് കോണ്‍സ്റ്റബിള്‍ പിഎസ്‌സി പരീക്ഷയില്‍ സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പരീക്ഷയെഴുതി എസ്എഫ്ഐ നേതാവ് ഒന്നാം റാങ്ക് നേടിയ സംഭവം കേരളത്തെ ഞെട്ടിച്ചിരുന്നു. മറ്റ് രണ്ട് എസ്എഫ്ഐ നേതാക്കള്‍ കൂടി ഇതേ പരീക്ഷയില്‍ കോപ്പിയടിയിലൂടെ റാങ്ക് ലിസ്റ്റിലെത്തിയിരുന്നു. ശിവ രഞ്ജിത്ത്, നസീം, പ്രണവ് തുടങ്ങിയ എസ്എഫ്ഐ നേതാക്കള്‍ പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും സിപിഎമ്മിന് ന്യായീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു.