ആലപ്പുഴ:വണ്ടാനം മെഡിക്കൽ കോളജിൽ അർധരാത്രി മൃതദേഹവുമായി ബന്ധുക്കൾ നടത്തിയ പ്രതിഷേധം അവസാനിച്ചു. പനിബാധിച്ച് എഴുപതുകാരിയായ ഉമൈബ മരിച്ചത് ആശുപത്രിയിലെ അനാസ്ഥ മൂലമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സംഭവം പരിശോധിച്ച് നടപടി എടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതോടെ രാത്രി ഒരു മണിക്കാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
പനി ബാധിച്ച് ആശുപത്രിയിലെത്തിയ ഉമൈബക്ക് പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. അടിയന്തരമായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേതുടർന്നാണ് ബന്ധുക്കൾ മൃതദേഹവുമായി ആലപ്പുഴ മെഡിക്കൽ കോളജിൽ തിരിച്ചെത്തി പ്രതിഷേധിച്ചത്.
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി കാഷ്വാലിറ്റിക്ക് മുന്നിലാണ് ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി രണ്ടുമണിക്കൂർ പ്രതിഷേധിച്ചത്. ഉമൈബാക്ക് ആശുപത്രിയിൽ വേണ്ട പരിചരണം നൽകിയില്ലെന്നും ഗുരുതരാവസ്ഥയിലായിട്ടും ജനറൽ വാർഡിൽ കിടത്തിയെന്നും ഡോക്‌ടർമാർ തിരിഞ്ഞുനോക്കിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.