കാസർകോട്:കുമ്പളയിൽ റീൽസ് എടുക്കുന്നതിനിടെ ഥാർ ജീപ്പിന് തീപിടിച്ചു. പച്ചമ്പളയിലെ ഗ്രൗണ്ടിൽ അഭ്യാസപ്രകടനം നടത്തുന്നതിനിടയിലാണ് വാഹനത്തിന് തീപിടിച്ചത്. വാഹനം പൂർണമായും കത്തി നശിച്ചു. ഹൊസങ്കടി സ്വദേശിനിയുടെ പേരിലുള്ള വാഹനമാണ് പൂർണ്ണമായും കത്തി നശിച്ചത്.
കുമ്പള പച്ചമ്പളയിലുള്ള ഗ്രൗണ്ടിലെത്തി യുവാക്കൾ വാഹനവുമായി അഭ്യാസപ്രകടനം നടത്തുകയായിരുന്നു. ഇതിനിടയിൽ വാഹനത്തിന് തീ പിടിച്ചു. ജീപ്പ് കത്തിയതോടെ യുവാക്കൾ ഇറങ്ങിയോടി. നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും വാഹനത്തിൽ തീ ആളിപ്പടരുകയായിരുന്നു. തുടർന്ന് ഉപ്പള ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.