കേരളം

kerala

ETV Bharat / state

രാജീവ് ചന്ദ്രശേഖറിന്‍റെ സ്വത്ത് വിവരത്തിലെ പരാതി; കയ്യൊഴിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മിഷന്‍, കോടതിയെ സമീപിക്കാന്‍ നിര്‍ദേശം - Rajeev Chandrasekhar assets issue

എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ യഥാര്‍ഥ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്നാരോപിച്ച് എൽഡിഎഫും യുഡിഎഫുമായിരുന്നു പരാതി നല്‍കിയത്.

RAJEEV ASSET ISSUE  LOK SABHA ELECTION 2024  ELECTION COMMISSION  LDF UDF
RAJEEV CHANDRASEKHAR ASSETS ISSUE

By ETV Bharat Kerala Team

Published : Apr 8, 2024, 1:58 PM IST

തിരുവനന്തപുരം :തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളില്‍ പരാതിയോടൊപ്പം വിവാദവും പുകയുകയാണ്. യഥാര്‍ഥ സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ച് കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ സത്യവാങ്മൂലം നൽകിയെന്നാരോപിച്ച് എല്‍ഡിഎഫും യുഡിഎഫും പരാതി നൽകി.

സുപ്രീംകോടതി അഭിഭാഷകയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ അവനി ബെന്‍സലും തലസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവുമാണ് ആദ്യം തെരഞ്ഞെടുപ്പ് കമ്മിഷനെ പരാതിയുമായി സമീപിച്ചത്. തുടര്‍ന്ന് ഇടതുമുന്നണിയും ഇന്നലെ പരാതി നൽകിയിരുന്നു. ഇടതുമുന്നണിയുടെ തിരുവനന്തപുരം ലോക്‌സഭ മണ്ഡലം ജനറല്‍ കണ്‍വീനര്‍ മാങ്കോട് രാധാകൃഷ്‌ണനും ചെയര്‍മാന്‍ എം വിജയകുമാറുമാണ് പരാതി നൽകിയത്.

എന്നാല്‍ ഇരു പരാതികളിലും തീരുമാനമെടുക്കാതെ കൈയൊഴിയുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. തെരഞ്ഞെടുപ്പിന് ശേഷം ഹൈക്കോടതിയെ സമീപിച്ച് കേസിന് പോകാനാണ് പരാതികാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നൽകിയ വിശദീകരണമെന്നതും ശ്രദ്ധേയമാണ്.

ജോലി പൊതുപ്രവര്‍ത്തനം, സ്വന്തം പേരില്‍ ഒരേയൊരു വാഹനം:തെരഞ്ഞെടുപ്പ് കമ്മിഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഒപ്പം മത്സരിക്കുന്ന പ്രധാന മുന്നണി സ്ഥാനാര്‍ഥികളെക്കാള്‍ ദരിദ്രനാണെന്നാണ് രാജീവ് ചന്ദ്രശേഖര്‍ വിശദീകരിക്കുന്നത്. ഭാര്യ അജ്ഞുവിനും രാജീവിനുമായി 36 കോടി രൂപയുടെ ആസ്‌തിയുള്ളതായാണ് സത്യവാങ്മൂലം. 2018-ലെ രാജ്യസഭ തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലത്തില്‍ ഇത് 65 കോടിയായിരുന്നു.

ഏതാണ്ട് പകുതിയോളം ആസ്‌തി കുറഞ്ഞതായാണ് വെളിപ്പെടുത്തല്‍. സ്വന്തം പേരില്‍ 23.65 കോടിയും ഭാര്യയുടെ പേരില്‍ 12.47 കോടിയുമുള്ളതായാണ് സത്യവാങ്മൂലത്തിലുള്ളത്. 1942 മോഡല്‍ റെഡ് ഇന്ത്യന്‍ സ്‌കൗട്ട് ബൈക്കാണ് കൈവശമുള്ള ഏക വാഹനമായി സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. 2012-ല്‍ ദി ഫിനാന്‍ഷ്യല്‍ ടൈംസിന് രാജീവ് ചന്ദ്രശേഖര്‍ നൽകിയ അഭിമുഖത്തില്‍ ലംബോര്‍ഗിനിയും ജെറ്റ് വിമാനവും തനിക്കുണ്ടെന്ന് രാജീവ് പരാമര്‍ശിക്കുന്നുണ്ട്. ഇത് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത് ജൂപിറ്റര്‍ ഏവിയേഷന്‍ കമ്പനിയുടെ പേരിലാണ്.

ഈ കമ്പനിയുടെ പേര് പോലും തെരഞ്ഞെടുപ്പ് കമ്മിഷനില്‍ സമര്‍പ്പിച്ച രാജീവിന്‍റെ സത്യവാങ്മൂലത്തിലെ ഓഹരി നിക്ഷേപമുള്ള കമ്പനികളുടെ പട്ടികയിലില്ല. സത്യവാങ്മൂലത്തില്‍ 52,761 രൂപ കൈവശവും 8 ബാങ്കുളിലായി 10.38 കോടിയുടെ സ്ഥിര നിക്ഷേപവുമുണ്ടെന്നാണ് വ്യക്തമാക്കുന്നത്. 3.25 കോടിയുടെ സ്വര്‍ണ നിക്ഷേപം സ്വന്തം പേരിലും 3.59 കോടിയുടെ സ്വര്‍ണ നിക്ഷേപം ഭാര്യയുടെ പേരിലുമുണ്ട്.

ബെംഗളൂരിലെ കോരമംഗളയില്‍ 14.40 കോടി രൂപയുടെ ഭൂമിയുണ്ട്. സ്വന്തം പേരില്‍ 19.41 കോടി രൂപയുടെയും ഭാര്യയുടെ പേരില്‍ 1.63 കോടി രൂപയുടെയും ബാധ്യത. 6 സ്ഥാപനങ്ങളില്‍ ഓഹരി നിക്ഷേപവും 3 സ്ഥാപനങ്ങളില്‍ പങ്കാളിത്ത നിക്ഷേപവുമുണ്ട്. ഭാര്യ അജ്ഞുവിന്‍റെ പേരില്‍ വിവാദമായ നിരാമയ റിട്രീറ്റ്‌സ് കോവളം പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെ 15 സ്ഥാപനങ്ങളില്‍ ഓഹരി നിക്ഷേപമുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.

നിക്ഷേപ ശൃംഖലകള്‍ സൃഷ്‌ടിച്ച് മുതലാളിയെ അദൃശ്യനാക്കുന്ന സങ്കീര്‍ണത :ബിസിനസ് രംഗത്ത് നിന്നും രാഷ്ട്രീയ രംഗത്തേക്കിറങ്ങിയതോടെ കമ്പനി നിയമത്തിലെ പഴുതുകള്‍ മുതലെടുത്ത് സാങ്കേതികമായി ഒളിപ്പിച്ച കോടികളുടെ സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

സങ്കീര്‍ണമായ നിക്ഷേപ ശൃംഖലകള്‍ സൃഷ്‌ടിച്ച് യഥാര്‍ഥ മുതലാളിയെ സാങ്കേതികമായി അദൃശ്യനാക്കുന്ന രീതിയാണ് ഇവിടെ രാജീവ് സ്വീകരിച്ചിട്ടുള്ളതെന്ന് ഇടതുമുന്നണിയുടെ തിരുവനന്തപുരം ലോക്‌സഭ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും മുന്‍ സ്‌പീക്കറുമായ എം വിജയകുമാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

ALSO READ: സംസ്ഥാനത്ത് 89,839 പ്രവാസി വോട്ടർമാർ, കൂടുതൽ പേരും കോഴിക്കോട്‌ - Non Resident Voters In Kerala

ജനപ്രാതിനിത്യ നിയമമനുസരിച്ച് നാമനിര്‍ദേശ പത്രികയോടൊപ്പം നൽകിയ വ്യാജ സത്യവാങ്മൂലം ഗുരുതരമായ കുറ്റമാണ്. ഇന്ത്യയിലെ തന്നെ പ്രധാന ധനകാര്യ സ്ഥാപനമായ ജൂപിറ്റര്‍ ക്യാപ്പിറ്റല്‍ അടക്കമുള്ള രാജീവ് ചന്ദ്രശേഖറിന് മുഖ്യ ഓഹരിയുള്ള ആസ്‌തികള്‍ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. ഈ ഗുരുതരമായ തെറ്റ് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും എം വിജയകുമാര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details