കണ്ണൂര്‍ :പശ്ചിമഘട്ടത്തിന്‍റെ കിഴക്ക്-പടിഞ്ഞാറുള്ള കുടക് വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് സ്‌കോട്ട്‌ലാന്‍ഡ് ആണ്. നിബിഡ വനങ്ങളും ചെങ്കുത്തായ മലനിരകളും പുല്‍മേടുകളും വരിവരിയായി നട്ടുപിടിപ്പിച്ച കാപ്പിത്തോട്ടങ്ങളും കുടകിനെ സുന്ദരിയാക്കുന്നു. കടുത്ത വേനലിലെ പ്രഭാതങ്ങള്‍ പോലും മഞ്ഞില്‍ പൊതിഞ്ഞിരിക്കുന്നു. പ്രകൃതി ഭംഗി തുളുമ്പുന്ന കാപ്പി തോട്ടങ്ങളും ഓറഞ്ച് തോട്ടങ്ങളും അതോടൊപ്പം കുളിരുകോരിയിടുന്ന ദിനരാത്രങ്ങളുമാണ് കുടകിനെ ഇത്രയേറെ ജനപ്രിയമാക്കുന്നത്.
കുടകിന്‍റെ തലസ്ഥാനമായ മടിക്കേരിയിലേക്കുള്ള യാത്ര തികച്ചും വ്യത്യസ്‌തമായ അനുഭൂതിയാണ് സമ്മാനിക്കുക. വേനല്‍ ചൂടിന്‍റെ കാഠിന്യത്തില്‍ നിന്നും ഒരു വേള വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്രയ കേന്ദ്രമാണ് മടിക്കേരിയിലെ രാജാസീറ്റ് ഗാര്‍ഡന്‍. ഉദയം മുതല്‍ അസ്‌തമയം വരെ കുടകിന്‍റെ രാജപീഠത്തില്‍ നിന്നുളള കാഴ്‌ചകള്‍ മനസിനേയും ശരീരത്തേയും കുളിരണിയിക്കും.
നഗര കാഴ്‌ചകള്‍ കണ്ട് മരവിച്ച മനസുമായി മടിക്കേരിയിലെത്തുന്നവര്‍ക്ക് തീര്‍ച്ചയായും ആസ്വാദന കേന്ദ്രമാണ് ഇവിടം. ബെംഗളൂരുവിലും മൈസൂരുവിലും ജോലി ചെയ്യുന്നവരിലും സ്ഥിരമായി കുടകിലെത്തുന്നവരുണ്ട്. ഉത്തര-മധ്യ കേരളത്തില്‍ നിന്നുള്ളവരുടെ നിര തന്നെയാണ് രാജാസീറ്റിലെ ഓരോ കോണിലും കാണാന്‍ കഴിയുന്നത്.
മനോഹരമായ പൂന്തോട്ടത്തിന് പുറമെ വിനോദത്തിനും സാഹസികതയ്ക്കുമുള്ള കേന്ദ്രങ്ങളും ഈ ഗാര്‍ഡന്‍റെ ഓരോ ഭാഗത്തായി ഒരുക്കിയിട്ടുണ്ട്. ആന ഉള്‍പ്പടെയുളള വന്യജീവികളുടെ രൂപങ്ങളും ഗാര്‍ഡന്‍റെ ആകര്‍ഷണീയതയാണ്. രണ്ടര നൂറ്റാണ്ട് മുമ്പ് കണ്ണൂര്‍ മാങ്ങാട്ട് നിന്നും കാര്‍ഷിക വൃത്തിക്കായി എത്തിച്ചേര്‍ന്ന മന്നപ്പന്‍, കതിവന്നൂര്‍ വീരന്‍ എന്ന പേരില്‍ ദൈവക്കരുവായി മാറിയത് കുടകില്‍ നിന്നാണ്. അന്ന് മുതല്‍ ഉത്തര കേരളീയര്‍ക്ക് കുടകിനോട് വല്ലാത്തൊരു ബന്ധമുണ്ട്.
രാജാസീറ്റ് നിലകൊള്ളുന്ന ഗാര്‍ഡന്‍റെ വ്യൂ പോയിന്‍റില്‍ ഇരുന്നാല്‍ കേരള-കര്‍ണാടക അതിര്‍ത്തിയിലെ മലനിരകള്‍ കാണാം. ഇതില്‍ കേരളത്തിന്‍റെ സ്വന്തമായ ഏഴ് പര്‍വതങ്ങളുണ്ട്. തോറ്റം പാട്ടില്‍ പറയുന്ന ഏഴിനും മീതെ എന്നത് ഈ പര്‍വതങ്ങളെയാണ്. പുതിയ ഭഗവതിയും കതിവന്നൂര്‍ വീരനും ഈ മലകള്‍ കടന്നാണ് കുടകിലേക്ക് എത്തിയത്. മനോഹരമായ ഈ പര്‍വത ദൃശ്യങ്ങളിലൂടെ ഉത്തര കേരളത്തിന്‍റെയും കുടകിന്‍റെയും സൗന്ദര്യം ആസ്വദിക്കാം. എന്നാല്‍ കുടക് അതിരിടുന്ന ഈ മഞ്ഞണിഞ്ഞ മലനിരകള്‍ കേരളത്തിന്‍റെ സ്വന്തമെന്ന് അറിയുന്നവരും വിരളം.