കോഴിക്കോട് :നാദാപുരത്ത് കനത്ത മഴയും കാറ്റും. ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. നാദാപുരം ആവോലത്തെ കൂടേൻ്റവിട ചന്ദ്രമതിയുടെ വീടിന് മുകളിലാണ് സമീപത്തെ കൂറ്റൻ പന കടപുഴകി വീണത്. മരം വീണ് വീടിൻ്റെ പിൻഭാഗത്തെ മേൽക്കൂരയും വരാന്തയുടെ മേൽകൂരയും തകർന്നു. ആർക്കും പരിക്കില്ല.
കനത്ത മഴയിൽ രാമനാട്ടുകര ദേശീയ പാതയിൽ മരം കടപുഴകി വീണ് മൂന്ന് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശികളായ കാപ്പിൽ സുധീർ, പണ്ടാരങ്കണ്ടി സുനിൽ കുമാർ, ഇടിമുഴിക്കൽ മുതുപറമ്പത്ത് മൻസൂർ എന്നിവർക്കാണ് പരിക്കേറ്റത്. റോഡരികിൽ നിർത്തിയിട്ട പെട്ടി ഓട്ടോറിക്ഷയും തകർന്നു.
പേരാമ്പ്രയിൽ മരം വീണ് ജീപ്പ് പൂർണമായി തകർന്നു. വാഹനത്തിൽ ആളില്ലാതിരുന്നതിൽ അപകടം ഒഴിവായി. നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ടുണ്ടായി. മലയോര മേഖലകളിലടക്കം ശക്തമായ മഴ പെയ്‌തു.