പാലക്കാട്: സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതിനെയും ഡോ.പി സരിൻ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നതിനെയും താരതമ്യം ചെയ്യാനാവില്ലെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ആളുകൾ വർഗീയ നിലപാട് തിരുത്തി മതേതര ചേരിയിലേക്ക് വരുമ്പോൾ അത് സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ്ബിൻ്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ.
വർഗീയമായി ചിന്തിക്കുന്ന ആരുടെയും വോട്ട് വേണ്ട എന്നതാണ് യുഡിഎഫിൻ്റെ നിലപാട്. വർഗീയത ഉപേക്ഷിച്ച് ഒരു വ്യക്തി മതേതര ചേരിയിലേക്ക് വരുന്നത് സന്തോഷമാണ്. ബിജെപിക്കകത്തുള്ള ആശയപരമായ പ്രശ്‌നങ്ങൾ മൂലമാണ് സന്ദീപ് പാർട്ടി വിട്ടത്. സരിൻ കോൺഗ്രസ് വിട്ട് സിപിഎം സ്ഥാനാർഥിയായതിനെ അതുമായി താരതമ്യം ചെയ്യാനാവില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കലല്ല സന്ദീപിൻ്റെ ലക്ഷ്യം.
രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സന്ദീപ് വാര്യര്‍ കോൺഗ്രസിലേക്ക് എത്തിയതിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് സിപിഎം ആണ്. കോൺഗ്രസിനെ കുറ്റപ്പെടുത്തുന്ന മന്ത്രി എം ബി രാജേഷ് സ്വയം പരിഹാസ്യനാവുകയാണ്. സന്ദീപ് വാര്യര്‍ ബിജെപി വിട്ട് മതേതര പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ സിപിഎമ്മിന് എന്താണ് പ്രശനമെന്നും രാഹുല്‍ ചോദിച്ചു.
സന്ദീപ് വാര്യർ മികച്ച പൊതുപ്രവർത്തകനാണെന്ന് ആദ്യം പറഞ്ഞത് സിപിഎം നേതാവ് എ കെ ബാലൻ ആണ്. കോൺഗ്രസിൽ ചേർന്നത് കൊണ്ടുമാത്രം മോശമെന്ന് പറയരുത്. ബിജെപി ക്ഷീണിക്കാന്‍ പാടില്ല എന്ന് സിപിഎം ആഗ്രഹിക്കുന്നു എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ആര് വർഗീയ ചേരി വിട്ടാലും സ്വാഗതം ചെയ്യുന്നതാണ് യുഡിഎഫ് നയം. വർഗീയമായി കാര്യങ്ങൾ കാണുന്ന ഒരാളുടെയും വോട്ട് വേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
Also Read:സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് അപ്രതീക്ഷിതം; അമ്പരന്ന് സിപിഎം, ഞെട്ടല്‍ മാറാതെ ബിജെപി