രാഹുൽ ഗാന്ധി മാധ്യമങ്ങളോട് വയനാട് :വന്യജീവി പ്രശ്‌നങ്ങളിൽ അയൽ സംസ്ഥാനങ്ങളുമായി സഹകരിച്ച് പരിഹാര മാർഗങ്ങൾ തേടാമെന്ന് രാഹുൽ ഗാന്ധി. വയനാട്ടിൽ സൗകര്യങ്ങളോട് കൂടിയ മെഡിക്കൽ കോളജെന്ന ആവശ്യം ഗൗരവതരമാണ്. സ്ഥിതി ഗുരുതരമായ സാഹചര്യത്തിലാണ് താൻ വന്നതെന്നും അതിൽ രാഷ്‌ട്രീയമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സംസ്ഥാന സർക്കാർ വന്യജീവി പ്രശ്‌നത്തിൽ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്‌ടപരിഹാരം വൈകരുത്. സർക്കാരിന്‍റെ ഇടപെടൽ കാര്യക്ഷമമല്ലാതെ പോയതിനാലാണ് തനിക്ക് ഇവിടെ വരേണ്ടി വന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
അതേസമയം വന്യമൃഗങ്ങളുടെ നിരന്തര ആക്രമണങ്ങളില്‍ ജനരോഷം കനക്കുന്നതിനിടെയാണ് വയനാട് എംപി രാഹുൽ ഗാന്ധിയുടെ സന്ദർശനം. ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്. കണ്ണൂരിൽ നിന്ന് റോഡുമാർഗം രാവിലെ 7.45 ഓടെയാണ് രാഹുൽ എത്തിയത്.
മോഴ ആനയായ ബേലൂർ മഖ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ വീട്ടിലാണ് എംപി ആദ്യമെത്തിയത്. തങ്ങൾ നേരിടുന്ന വന്യജീവി പ്രശ്‌നങ്ങൾ കുടുംബം രാഹുൽ ഗാന്ധിയോട് വിശദീകരിച്ചു. കുടുംബത്തിന്‍റെ ഏതൊരാവശ്യത്തിനും കൂടെയുണ്ടാകുമെന്നും, വന്യമൃഗ ശല്യത്തിന് എതിരായ നടപടികള്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്തുമെന്നും ഉറപ്പ് നല്‍കിയായിരുന്നു അദ്ദേഹത്തിന്‍റെ മടക്കം.
തുടർന്ന് കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോൾ, കഴിഞ്ഞ ഡിസംബറിൽ കൊല്ലപ്പെട്ട മൂടക്കൊല്ലി സ്വദേശി പ്രജീഷ് എന്നിവരുടെ വീടുകളും രാഹുൽ സന്ദർശിച്ചു. കൽപ്പറ്റയിൽ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ജില്ല ഭരണകൂട പ്രതിനിധികളുമായി നിലവിലെ സ്ഥിതിഗതികൾ രാഹുൽ ഗാന്ധി വിലയിരുത്തി.
ഇതിനിടെ രാഹുൽ ഗാന്ധിയോട് പരാതി പറയാൻ കോൺഗ്രസ് നേതാക്കൾ അനുവദിച്ചില്ലെന്ന് അജീഷിന്‍റെ നാട്ടുകാർ പരാതിപ്പെട്ടു. തങ്ങളുടെ പരാതികൾ എംപിയായ രാഹുൽ കേൾക്കണമായിരുന്നു. ഇവിടുത്തെ പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹത്തിന് ധാരണ ഇല്ല. കോൺഗ്രസ് നേതാക്കൾ രാഹുലിനെ ഇത് ബോധിപ്പിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.