'കേന്ദ്രസർക്കാർ പിണറായിയെ ജയിലിലടയ്ക്കാത്തത് എന്തുകൊണ്ട് ?' ; മുഖ്യമന്ത്രിയെയും ബിജെപിയെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി കണ്ണൂർ : നിലവിൽ ഇന്ത്യയിലെ രണ്ട് മുഖ്യമന്ത്രിമാർ ജയിലിൽ ആണെന്നും പിണറായിയെ മാത്രം കേന്ദ്രസർക്കാർ ജയിലിൽ അടയ്ക്കാത്തത് എന്തുകൊണ്ടാണെന്നും ചോദ്യം ഉന്നയിച്ച് രാഹുൽ ഗാന്ധി. ഒരാള്‍ ബിജെപിയെ ആക്രമിച്ചാല്‍ 24 മണിക്കൂറിനകം തിരിച്ച് ആക്രമിക്കുന്നതാണ് അവരുടെ ശൈലി. വിമർശനവും എതിർപ്പും സത്യസന്ധമായാൽ മാത്രമേ ബിജെപി പിന്നാലെ വന്ന് ആക്രമിക്കൂവെന്നും രാഹുൽ പറഞ്ഞു.
ബിജെപിയെ ആത്മാർഥമായി എതിർത്തവരൊക്കെ അവരുടെ നോട്ടപ്പുള്ളികൾ ആണെന്നും പിണറായി എന്തുകൊണ്ട് രക്ഷപ്പെടുന്നു എന്നത് ചിന്തിക്കേണ്ടതാണെന്നും രാഹുൽ തുറന്നടിച്ചു. കണ്ണൂരിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് മുഖ്യമന്ത്രിയെയും ബിജെപിയെയും രാഹുൽഗാന്ധി കടന്നാക്രമിച്ച് രംഗത്തെത്തിയത്. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ളതാണ് രാജ്യത്തെ ഇഡിയും സിബിഐയും.
ഇതിനെ പിടിച്ചെടുക്കുക വഴി ജനാധിപത്യത്തെ തകർക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഭാഷ, ഒരു ചരിത്രം എന്നിവ അടിച്ചേൽപ്പിക്കാൻ ബി.ജെ പി ശ്രമിക്കുന്നു. ഇതിലൂടെ രാജ്യത്തെ ഓരോരുത്തരെയും അപമാനിക്കുകയാണ്.
കേരള മുഖ്യമന്ത്രിയെ ഏന്തുകൊണ്ടാണ് ഇഡിയും സിബിഐയും ചോദ്യം ചെയ്യാത്തതെന്ന് മനസിലാവുന്നില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി.
അക്കാര്യം ജനങ്ങൾ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ, കാസർകോട്, വടകര മണ്ഡലങ്ങളിലെ യു.ഡി.എഫ്. സ്ഥാനാർഥികളുടെ പ്രചാരണാർഥം കണ്ണൂരിൽ നടന്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ലക്ഷ്യമിടുന്ന പദ്ധതികളിൽ ഒന്ന് രാജ്യത്തെ എല്ലാ പാവപ്പെട്ട കുടുംബങ്ങളിലെയും ഒരു സത്രീയെ തിരഞ്ഞെടുത്ത് ഒരു വർഷം ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുക എന്നതാണ്.
സർക്കാർ, പൊതു മേഖല സ്ഥാപനങ്ങളിലും ജോലി ഉറപ്പാക്കും. അങ്കണവാടി, ആശ പ്രവർത്തകരുടെ ശമ്പളം കൂട്ടും.30 ലക്ഷം സർക്കാർ ജോലികൾ രാജ്യത്തുണ്ട്. സർക്കാർ ' പൊതുമേഖല സ്ഥാപനങ്ങളിലെ കരാർ ജോലികൾ പൂർണമായും റദ്ദാക്കി സ്ഥിര നിയമനം കൊണ്ടുവരും. ഓരോ ബിരുദ ധാരികൾക്കും തൊഴിൽ പരിശീലനം ഉറപ്പാക്കുന്നതിന് നിയമം കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജവഹർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കണ്ണൂർ മണ്ഡലം സ്ഥാനാർഥി കെ.സുധാകരൻ, കാസർകോട് മണ്ഡലം സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സംബന്ധിച്ചു.
Also Read:പ്രധാനമന്ത്രിയെ 'മലയാളത്തില്‍' കൊള്ളക്കാരനെന്ന് വിളിച്ച് രാഹുൽഗാന്ധി; പരാമർശം റോഡ് ഷോയ്ക്ക് ശേഷം നടത്തിയ പ്രസംഗത്തിൽ