തിരുവനന്തപുരം: സാൻ്റാ മോണിക്ക ഡയറക്‌ടർ റെനി സെബാസ്റ്റ്യന് സിന്‍ഡിക്കേറ്റ് അംഗമായി നിയമനം നൽകിയത് വിദ്യാഭ്യാസ വിദഗ്‌ധ എന്ന നിലയില്‍ എന്ന് മന്ത്രി ആർ ബിന്ദു (R Bindu About Appointment Of Syndicate Member). സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്‍റെ പരാതി കിട്ടിയിട്ടില്ല. മാസപ്പടി ആരോപണത്തെ സംബന്ധിച്ച് അറിയില്ല. മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷിക്കാമെന്നും മന്ത്രി പറഞ്ഞു. റെനി സെബാസ്റ്റ്യൻ (Santa Monica Director Reni Sebastian) അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്തെ പുതിയ പ്രവണതകൾ അറിയുന്ന ആളാണെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ കമ്പനിയായ എക്‌സാലോജിക്കിന് പണം നല്‍കിയതായി ആരോപണം നിലനില്‍ക്കുന്ന സാന്‍റാമോണിക്കയുടെ ഡയറക്‌ടര്‍ റെനി സെബാസ്റ്റിയനെ ശ്രീ നാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗമായി നിയമനം നല്‍കിയതില്‍ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി നൽകിയിരുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് നിയമനം നല്‍കികയതെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇടത് സഹയാത്രികനായിരുന്ന ഡോ. പ്രേംകുമാര്‍ രാജി വെച്ച ഒഴിവിലാണ് റെനി സെബാസ്റ്റ്യൻ്റെ നിയമനം.
അതേസമയം മാലിന്യമുക്ത നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിൻ്റെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളുടെ കീഴിൽ ഒരുക്കിയ സ്നേഹാരാമങ്ങളുടെ സമർപ്പണം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർവഹിക്കും.