കണ്ണൂര്‍:ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിന് പിന്നാലെ ആറളത്ത് ജനരോഷം ആളിക്കത്തുന്നു. മരിച്ച ദമ്പതികളുടെ മൃതദേഹം പ്രദേശവാസികള്‍ തടഞ്ഞുവെച്ചു. മൃതദേഹം നീക്കാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെയും പ്രതിഷേധക്കാര്‍ തടഞ്ഞു.
'ആനയെ പേടിച്ച് ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല; ആദിവാസികൾക്ക് ഒരു സംരക്ഷണവുമില്ല. എങ്ങനെയാണ് ഞങ്ങൾ ജീവിക്കേണ്ടത്? ആനയ്ക്ക് മതിലായിട്ടാണോ ഞങ്ങളെ നിർത്തിയിരിക്കുന്നത്?'പ്രതിഷേധക്കാര്‍ ചോദിക്കുന്നു. ജില്ലാ ഭരണാധികാരികൾ പ്രദേശത്ത് എത്തിയാൽ മാത്രമേ ആംബുലൻസ് വിട്ടുനൽകൂ എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ 24 ന് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾ മരിച്ച സംഭവം സങ്കടകരമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. ആറളം ഫാമിൽ അടിക്കാട് വെട്ടിയിട്ടില്ല എന്നും ആന മതിൽ നിർമ്മാണം നീണ്ടു പോയതടക്കമുള്ള കാര്യങ്ങൾ വന്യമൃഗ ശല്യത്തിന് കാരണമായി എന്നും മന്ത്രി പറഞ്ഞു. വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായോ എന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക