പത്തനംതിട്ട :എൻഡിഎ സ്ഥാനാർഥി അനില്‍ കെ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിൽ എത്തും. മാര്‍ച്ച് 15ന് രാവിലെ 11 മണിക്ക് പത്തനംതിട്ട ജില്ല സ്‌റ്റേഡിയമാണ് പ്രധാനമന്ത്രിയുടെ പൊതുയോഗ വേദിയായി നിശ്ചയിച്ചിരിക്കുന്നത്. ഹെലികോപ്റ്റര്‍ മാര്‍ഗമാണ് പ്രധാനമന്ത്രി ജില്ല ആസ്ഥാനത്ത് എത്തുക. ശബരിമല ഇടത്താവളം, പ്രമാടം ഇൻഡോര്‍ സ്‌റ്റേഡിയം, കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളാകും ലാൻഡിംഗ് ഗ്രൗണ്ടായി പരിഗണിക്കുക എന്നാണ് വിവരം.
ഇന്ന് ജില്ലയിലുള്ള എസ്‌പിജി ഉദ്യോഗസ്ഥരാകും പൊതുയോഗ വേദി ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം തവണയാണ് പത്തനംതിട്ടയില്‍ എത്തുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തില്‍ എൻഡിഎ സ്ഥാനാർഥിയായിരുന്ന കെ സുരേന്ദ്രന്‍റെ പ്രചാരണത്തിനായി 2021 ഏപ്രില്‍ രണ്ടിന് പ്രധാനമന്ത്രി പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തില്‍ പ്രസംഗിച്ചിരുന്നു.
പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളില്‍നിന്നും ഒന്നരലക്ഷം പ്രവര്‍ത്തകർ പരിപാടിക്കെത്തുമെന്ന് ബിജെപി ജില്ല പ്രസിഡന്‍റ് വി എ സൂരജ് അറിയിച്ചു. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കടന്നുവരുന്ന പ്രദേശങ്ങളില്‍ ഗതാഗത ക്രമീകരണവും സുരക്ഷാപരിശോധനയും ഉണ്ടാകുമെന്നതിനാല്‍ പ്രവർത്തകരുമായുള്ള വാഹനങ്ങള്‍ അടക്കം നിർദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.