കാസർകോട്:ദേശീയ പതാക താഴ്ത്തി കെട്ടുന്നതിനിടെ കൊടിമരത്തിൽ നിന്ന് ഷോക്കേറ്റ് വൈദികൻ മരിച്ചു. മുള്ളേരിയ ഇൻഫന്‍റ് സെന്‍റ് ജീസസ് ചർച്ചിലെ വികാരി ഫാ. ഷിൻസ് (30) ആണ് മരിച്ചത്. ഇന്നലെ (15-08-2024) വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ദേലംപാടി സെന്‍റ് മേരീസ് ചർച്ചിലെ വികാരി കൂടിയാണ് ഷിൻസ്. കുർബാന കഴിഞ്ഞ് വൈകിട്ട് ആറുമണിയോടെ മുള്ളേരിയ പള്ളിയിൽ എത്തി ദേശീയ പതാക താഴ്‌ത്തി കെട്ടുന്നതിനിടെയാണ് ഷോക്കേറ്റത്.
പതാക കെട്ടിയ ഇരുമ്പിന്‍റെ കൊടിമരം ചെരിഞ്ഞതിനെ തുടർന്ന് ഉയർത്താൻ ശ്രമിക്കുന്നതിനിടെ ഹൈടെന്‍ഷന്‍ ലൈനിൽ സ്‌പർശിക്കുകയായിരുന്നു. ഷോക്കേറ്റ് മറ്റൊരു വികാരി തെറിച്ച് വീണു. ഉടൻ ചർച്ചിൽ എത്തിയവർ മുള്ളേരിയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.