കേരളം

kerala

ETV Bharat / state

മോദിയുടെ വർഗീയ പരാമർശം വിഭാഗീയത സൃഷ്‌ടിക്കാന്‍, പൊലീസില്‍ പരാതിപ്പെടും : പ്രകാശ് കാരാട്ട് - Prakash Karat Against Modi - PRAKASH KARAT AGAINST MODI

ആദ്യഘട്ട പോളിങ്ങില്‍ നിരാശനായതുകൊണ്ടാണ് പ്രധാനമന്ത്രി വിഭാഗീയ പ്രസ്‌താവനകൾ നടത്തുന്നതെന്ന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്

PRAKASH KARAT  PM NARENDRA MODI  LOK SABHA ELECTION 2024  കാസർകോട്
നരേന്ദ്രമോദിയുടെ വർഗീയ പരാമർശം വിഭാഗീയത സൃഷ്‌ടിക്കാനുള്ള ശ്രമമെന്ന് പ്രകാശ് കാരാട്ട്

By ETV Bharat Kerala Team

Published : Apr 22, 2024, 1:44 PM IST

നരേന്ദ്രമോദിയുടെ വർഗീയ പരാമർശം വിഭാഗീയത സൃഷ്‌ടിക്കാനുള്ള ശ്രമമെന്ന് പ്രകാശ് കാരാട്ട്

കാസർകോട് :പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജസ്ഥാനിലെ വിവാദ പരാമർശം വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. അടിസ്ഥാനരഹിതമായ പ്രസ്‌താവനയാണ് ഇത്. പ്രതിപക്ഷ പാർട്ടികൾ ഇതിൽ ശക്തമായ എതിർപ്പ് അറിയിച്ചിട്ടുണ്ട്. മാത്രമല്ല സിപിഎം ഇതിനെതിരെ രാജസ്ഥാൻ പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ട പോളിങ്ങിന് ശേഷം നിരാശനായതിനാലാണ് മോദി വിഭാഗീയ പ്രസ്‌താവനകൾ നടത്തുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇലക്‌ടറൽ ബോണ്ടിലൂടെ അഴിമതി നിയമപരമാക്കാൻ ശ്രമിച്ച മോദിയാണ് പ്രതിപക്ഷ പാർട്ടികള്‍ക്കും പ്രതിപക്ഷ സർക്കാരുകള്‍ക്കും നേരെ അഴിമതി ആരോപിക്കുന്നത്.

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് ഇത് പറയുന്നതെന്നും പ്രകാശ് കാരാട്ട് സൂചിപ്പിച്ചു. രാജ്യത്തിന്‍റെ സ്വത്ത് കോൺഗ്രസ് മുസ്ലിങ്ങൾക്ക് നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജസ്ഥാൻ പ്രസംഗമാണ് വിവാദമായത്.

പ്രധാനമന്ത്രിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതിഷേധം കടുക്കുന്നു :തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മോദിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുണ്ട്. സംഭവത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാനൊരുങ്ങുകയാണ് സിപിഎമ്മും കോണ്‍ഗ്രസും.

രാജസ്ഥാനിലെ ബന്‍സ്വാരയില്‍ കഴിഞ്ഞ ദിവസം പ്രചാരണം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സ്വത്ത് മുസ്ലിങ്ങള്‍ക്ക് വീതിച്ച് നല്‍കുമെന്നതായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം. 'കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നല്‍കും. അതിന് നിങ്ങള്‍ തയ്യാറാണോ' - എന്നായിരുന്നു പ്രസംഗത്തിലെ വര്‍ഗീയ പരാമര്‍ശം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ 10 വര്‍ഷം മുന്‍പത്തെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിപ്പിക്കും വിധം ഉപയോഗിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

മോദിയുടെ പ്രസംഗത്തിന്‍റെ വീഡിയോ പ്രചരിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. രാജ്യവ്യാപകമായി വലിയ വിമര്‍ശനങ്ങള്‍ ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് തുടങ്ങിയവര്‍ പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസ്‌താവനയില്‍ പ്രതിഷേധം അറിയിച്ച് രംഗത്തുവന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ തിരിച്ചടി ഉണ്ടായേക്കുമെന്ന ഭയമാണ് മോദിയുടെ വര്‍ഗീയ പരാമര്‍ശത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസിന്‍റെ അഭിപ്രായം. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും തന്‍റെ പദവിയുടെ അന്തസ് മോദിയോളം താഴ്‌ത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ALSO READ : ജൂൺ 4 ന് കേരളത്തിനും കൊല്ലത്തിനും മുക്തി കിട്ടും; തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ കൊല്ലത്ത്

ABOUT THE AUTHOR

...view details