കണ്ണൂർ:ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെപിപി ദിവ്യ കീഴടങ്ങിയത് സിപിഎം നിര്‍ദേശം അനുസരിച്ചെന്ന് ആക്ഷേപം. ദിവ്യയുമായുള്ള പൊലീസിൻ്റെ ഓരോ നീക്കങ്ങളും തന്നെ ഈ ആക്ഷേപത്തിന് ശക്തി പകരുന്നതാണ്. രാവിലെ 11 മണിക്ക് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കീഴടങ്ങൽ അല്ലെങ്കിൽ അറസ്റ്റ് എന്ന അഭ്യൂഹം പരന്നിരുന്നു. പാർട്ടി നിയന്ത്രണത്തിലുള്ള പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ഉണ്ടെന്നായിരുന്നു പിന്നീടുളള സൂചനകൾ.
ടവർ ലൊക്കേഷൻ പോലും പയ്യന്നൂരിൽ നിന്ന് എന്നത് അറസ്റ്റിലേക്ക് എന്നതിന് വേഗം കൂട്ടി. തളിപ്പറമ്പ് കോടതിയിൽ ഹാജരാകും എന്നായി മറ്റൊരു അഭ്യൂഹം. എന്നാൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇരു കൂട്ടർക്കും പഴി കേൾക്കാത്ത വിധം പയ്യന്നൂരിൽ നിന്നും കണ്ണൂരിലേക്കുളള യാത്രാമധ്യേ പിപി ദിവ്യയുടെ സ്വന്തം നാടായ കണ്ണപ്പുരത്ത് നിന്നും അന്വേഷണ സംഘം മുമ്പാകെ ദിവ്യ കീഴടങ്ങുകയായിരുന്നുവെന്ന് പറയേണ്ടി വരും.
പിന്നാലെ മാധ്യമങ്ങളെ കണ്ട കമ്മിഷൻ എവിടെ നിന്നാണ് കീഴടങ്ങിയത് എന്ന് പോലും പറയാൻ തയ്യാറായില്ല. കീഴടങ്ങിയതാണോ അറസ്റ്റാണോ എന്നതുപോലും തെളിയിച്ചു പറയാനും ആദ്ദേഹം മുതിർന്നില്ല. അര മണിക്കൂറിനകം കണ്ണൂരിൽ ദിവ്യ എത്തും എന്ന് പറഞ്ഞെങ്കിലും കണ്ണൂർ ഡിസിസി ഓഫിസിനു മുന്നിലൂടെ സഞ്ചരിച്ച് ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് ദിവ്യയെ കടത്തുമ്പോൾ ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ വൻ കരുതലായിരുന്നു പൊലീസിന്.